അനിശ്ചിതത്വം, ഗാസയിൽ വെടിനിർത്തൽ നടപ്പിലായില്ല; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകിയില്ലെന്ന് ഇസ്രയേൽ

ഇന്നു തന്നെ പട്ടിക നൽകുമെന്ന് ഹമാസ് അറിയിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും യുദ്ധമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്.

Israel says Gaza ceasefire will not begin until Hamas names captives

ടെൽ അവീവ്: ഗാസ വെടിനിർത്തൽ കരാർ നിശ്ചയിച്ച സമയത്ത് നടപ്പായില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകും വരെ വെടിനിർത്തില്ലെന്നാണ് ഇസ്രയേൽ അറിയിച്ചത്. അതിനിടെ ഇന്നു തന്നെ പട്ടിക നൽകുമെന്ന് ഹമാസ് അറിയിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും യുദ്ധമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇതോടെ സമാധാന കരാറിന്‍റെ ഭാവി എന്താകുമെന്നതിൽ ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യൻ സമയം അനുസരിച്ച് ഇന്നുച്ചയ്ക്ക് 12 മണിക്ക് വെടിനിർത്തൽ നിലവിൽ വരേണ്ടതായിരുന്നു.

കരാർ പ്രകാരം ഇന്ന് മൂന്ന് വനിതാ തടവുകാരെ ഹമാസും 30 പാലസ്തീൻ തടവുകാരെ ഇസ്രയേലും കൈമാറണം. സമാധാന കരാർ പ്രാബല്യത്തിലായാൽ അവസാനിക്കുക 15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകളാണ്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘർഷം മധ്യപൂർവേഷ്യയെ ആകെ അസ്ഥിരമാക്കി. അന്ന് കൊല്ലപ്പെട്ടത് 1200ലധികം ഇസ്രായേലികൾ. 250ലേറെപ്പേർ ബന്ദികളാക്കപ്പെട്ടു. വൈകാതെ ഇസ്രയേൽ പ്രത്യാക്രമണം തുടങ്ങി. ലക്ഷ്യം ഹമാസിന്‍റെ ഒളിത്താവളങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരാണ്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയടക്കം ആക്രമിക്കപ്പെട്ടു.

നവംബർ 21 ന് ഏഴ് ദിവസത്തെ താൽകാലിക വെടിനിർത്തൽ. കുറച്ച് ബന്ദികളെ പരസ്പരം കൈമാറി. പക്ഷേ അവിടെ അവസാനിച്ചില്ല യുദ്ധം. ഡിസംബർ ഒന്ന് മുതൽ ഇസ്രയേലിന്‍റെ ആക്രമണം പൂർവാധികം ശക്തമായി. തെക്കൻ ഗാസയിൽ കരയുദ്ധം തുടങ്ങി. അന്താരാഷ്ട്ര നീതിന്യായ കോടതി ഇടപെട്ടെങ്കിലും അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. 46000ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേറ്റു.  ഒടുവിൽ ജനുവരി 15ന്, 15 മാസങ്ങൾക്കിപ്പുറം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം. ഈ കരാർ പ്രാബല്യത്തിലാകുമോ എന്നറിയാൻ ലോകം ഉറ്റുനോക്കുകയാണ്. 

വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ യുദ്ധം തുടരുമെന്ന് നെതന്യാഹു
 

Latest Videos
Follow Us:
Download App:
  • android
  • ios