Asianet News MalayalamAsianet News Malayalam

ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തണം, മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ

ഇറാനുമേൽ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏർപ്പെടുത്താണമെന്ന് രക്ഷാസമിതിയിൽ ഇസ്രായേൽ പ്രതിനിധി

Israel Says It Would Exact Price From Iran When Time Is Right
Author
First Published Apr 15, 2024, 8:37 AM IST | Last Updated Apr 15, 2024, 8:37 AM IST

ടെൽ അവീവ്: ഇറാന്‍റെ മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ. ഇസ്രായേൽ മന്ത്രി ബെന്നി ഗാന്‍റ്സാണ് ഇക്കാര്യം പറഞ്ഞത്. ഇറാനുമേൽ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏർപ്പെടുത്താണമെന്ന് രക്ഷാസമിതിയിൽ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാൻ ആവശ്യപ്പെട്ടു. എന്നാൽ സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായിരുന്നു ആക്രമണമെന്ന് ഇറാന്‍റെ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. ഇസ്രയേൽ ഒറ്റയ്ക്കല്ലെന്ന് അമേരിക്കയും വ്യക്തമാക്കി.

അതിനിടെ ഇറാൻ - ഇസ്രയേൽ സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങൾ യോഗം ചേർന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ജി 7 രാജ്യ തലവൻന്മാരുടെ യോഗം വിളിച്ചു ചേർത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘർഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികൾ തുടരുമെന്ന് ജോ ബൈഡൻ പ്രതികരിച്ചു. യുഎൻ സുരക്ഷാ സമിതിയും വിഷയം ചർച്ച ചെയ്യുകയാണ്. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേലിന്റെ തിരിച്ചടി മുന്നിൽ കണ്ട് ഇറാൻ അതീവ ജാഗ്രതയിലാണ്. 

ഇറാൻ - ഇസ്രയേൽ സംഘർഷ സാഹചര്യത്തിനിടെ മേഖലയിലെ സ്ഥിതിഗതികൾ ഖത്തറും യുഎഇയും ചർച്ച ചെയ്തു. സംഘർഷം വ്യാപിക്കാതെ തടയേണ്ടത് അനിവാര്യമാണെന്ന് ഖത്തർ അമീറും യുഎഇ പ്രസിഡന്റും നടത്തിയ ചർച്ചയിൽ വിലയിരുത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലാണ് ചർച്ച നടത്തിയത്. 

മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇടപെട്ട് കേന്ദ്രം; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാനുമായി ചർച്ച നടത്തി

അതിനിടെ ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളികൾ അടക്കം ഇന്ത്യക്കാരുടെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകള്‍ ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. നിലവിൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. കപ്പലിലെ ജീവനക്കാരായ മലയാളികളിൽ ചിലർ ഇന്നലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. മോചനം സംബന്ധിച്ച് ഇന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്രതികരണമുണ്ടായേക്കും.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios