ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അനസ് അൽ-ഷെരീഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഹമാസിലെ തീവ്രവാദ സെല്ലിന്റെ തലവനായിരുന്നു ഷെരീഫെന്നും ആരോപിച്ചു

ഗാസ: സിറ്റിയിലെ അൽ-ഷിഫ ആശുപത്രിക്ക് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഹമാസ് ഭീകരനാണെന്ന് ഇസ്രായേല്‍. ആക്രമണത്തില്‍ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ അൽ ജസീറ ലേഖകരായ അനസ് അൽ-ഷെരീഫ് , മുഹമ്മദ് ക്രീഖ്, ക്യാമറാമാൻമാരായ ഇബ്രാഹിം സഹർ, മോമെൻ അലിവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അനസ് അൽ-ഷെരീഫ് ഹമാസ് ഭീകരനാണെന്നാണ് ഇസ്രായേലിന്‍റെ ആരോപണം. 

കൊല്ലപ്പെട്ട അനസ് അൽ ഷെരീഫിനെ മാധ്യമ പ്രവർത്തകനായി വേഷമിട്ട തീവ്രവാദി എന്നാണ് ഇസ്രയേൽ സൈന്യം അധിക്ഷേപിച്ചത്. കൊല്ലപ്പെട്ട മറ്റ് മാധ്യപ്രവർത്തകരെ കുറിച്ച് ഇസ്രയേൽ മൗനം പാലിച്ചു. ഗാസയിൽ 22 മാസമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 200ലേറെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.

ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അനസ് അൽ-ഷെരീഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഹമാസിലെ തീവ്രവാദ സെല്ലിന്റെ തലവനായിരുന്നു ഷെരീഫെന്നും ആരോപിച്ചു. ഇരുപത്തിയെട്ടുകാരനായ അൽ-ഷെരീഫ് മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ എക്സില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്റെ ഈ വാക്കുകൾ നിങ്ങളുടെ അടുത്തെത്തിയാൽ, എന്നെ കൊല്ലുന്നതിലും എന്റെ ശബ്ദം നിശബ്ദമാക്കുന്നതിലും ഇസ്രായേൽ വിജയിച്ചു എന്ന് മനസ്സിലാക്കുക- എന്നായിരുന്നു പോസ്റ്റ്.