ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനും ഹമാസിന്റെ പുതിയ സൈനിക തലവനുമായ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തി. മുൻ സൈനിക തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഔദയെ നിയമിച്ചത്. ആക്രമണത്തിൽ ഔദ കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ലെങ്കിലും, ഹമാസിന്റെ സൈനിക പുനഃസംഘടനയിൽ ഇദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.
ഗാസ: ഒക്ടോബർ 7-ലെ ആക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളും ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവനുമായ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹമാസ് സൈനിക വിഭാഗമായ അൽ-ഖസാം ബ്രിഗേഡ്‌സിന്റെ തലവനായിരുന്ന ഇസ്സുദ്ദീൻ അൽ-ഹദ്ദാദ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് പുതിയ തലവനെതിരെയും ആക്രമണം നടത്തിയത്. ഗാസ സിറ്റിയിലെ റിമാൽ മേഖലയിലെ ഒരു ഫ്ലാറ്റ് കെട്ടിടത്തിലാണ് ഔദ ഉണ്ടായിരുന്നതെന്നും ഇവിടേക്കാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേൽ സൈന്യം അറിയിക്കുന്നത്.
ഇസ്രയേൽ അതിർത്തിക്കകത്ത് കടന്ന് 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണം ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ സമയത്ത് ഹമാസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു മുഹമ്മദ് ഔദ. ഇസ്രായേൽ അതിർത്തിയിലെ പ്രതിരോധ സംവിധാനത്തിലെ ബലഹീനതക( തിരിച്ചറിഞ്ഞ് ഔദയും അദ്ദേഹത്തിൻ്റെ കീഴിലെ പ്രവർത്തകരും ശേഖരിച്ച വിവരങ്ങളാണ് ഒക്ടോബർ ഏഴ് ആക്രമണത്തിൽ കലാശിച്ചത്.
കൊല്ലപ്പെട്ട ഇസ്സുദ്ദീൻ അൽ-ഹദ്ദാദിന് പകരക്കാരനായി ഏകദേശം ഒരാഴ്ച മുൻപാണ് മുഹമ്മദ് ഔദയെ ഹമാസ് സൈനിക തലവനായി നിയമിച്ചത്. ഒക്ടോബർ ഏഴ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും വധിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്‌താവിച്ചിരുന്നു. എങ്കിലും മുഹമ്മദ് ഔദ കൊല്ലപ്പെട്ടോയെന്ന് വ്യക്തമല്ല. ആക്രമണം ലക്ഷ്യം കണ്ടതായാണ് ഇസ്രായേലി മാധ്യമങ്ങളുടെ പ്രാഥമിക വിലയിരുത്തൽ. മുഹമ്മദ് ദെയ്ഫ്, യഹിയ സിൻവാർ, മുഹമ്മദ് സിൻവാർ എന്നിവർ കൊല്ലപ്പെട്ട ശേഷം ഹമാസിന്റെ സൈനിക സംവിധാനം പുനഃസംഘടിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് മുഹമ്മദ് ഔദ. മുൻപ് പലതവണ ഇദ്ദേഹത്തെ വധിക്കാൻ ഇസ്രായേൽ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.


