ഇവരുടെ സംഭാഷണത്തിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതായി പരാമർശിക്കുന്നത്. ആയുധധാരിയായ ഹമാസ് തീവ്രവാദിയെയും വീഡിയോയിൽ കാണാം.

ടെൽഅവീവ്: ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെ ഹമാസ് തീവ്രവാദികൾ ഇസ്രായേലി കുടുംബത്തെ ബന്ദികളാക്കിയതായി റിപ്പോർട്ട്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. കുടുംബത്തിലെ പെൺകുട്ടിയെ അവളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെ മുന്നിൽ വച്ച് വധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ ഇൻഡ്യ നഫ്താലി സോഷ്യൽമീഡിയയായ എക്സിലാണ് പോസ്റ്റ് ചെയ്തത്. ഹമാസ് നടത്തിയ ആക്രമണത്തിൽ നൂറിലേറെ ഇസ്രായേലി സിവിലിയന്മാരെ ബന്ദികളാക്കിയതായി യുഎസിലെ ഇസ്രായേൽ എംബസി അറിയിച്ചു. കുട്ടികളായ മക്കൾക്കൊപ്പം ദമ്പതികൾ നിലത്ത് ഇരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

ഇവരുടെ സംഭാഷണത്തിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതായി പരാമർശിക്കുന്നത്. ആയുധധാരിയായ ഹമാസ് തീവ്രവാദിയെയും വീഡിയോയിൽ കാണാം. ഇവരെ പാർപ്പിച്ച വീട്ടിൽ നിന്ന് വെടിയുതിർത്തുകൊണ്ടിരിക്കുമ്പോൾ മാതാപിതാക്കൾ മക്കളെ ആശ്വസിപ്പിക്കുകയും തറയിൽ കിടക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതും വീഡിയോ‌യിൽ കാണാം. ‌യുദ്ധം അവസാനിപ്പിക്കണമെന്ന് നഫ്താലി ലോക നേതാക്കളോട് അഭ്യർഥിച്ചു.

Scroll to load tweet…

കഴിഞ്ഞ ദിവസമാണ് ഇസ്രായേലിലേക്ക് ഹമാസ് അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടത്. ഇസ്രായേലിലേക്ക് കടന്നുകയറിയ ഹമാസ്, നിരവധി ഇസ്രായേൽ പൗരന്മാരെ ബന്ദികളാക്കി. അതിർത്തി വേലികൾ തകർത്തും പാരാഗ്ലൈഡറുകളും ബുൾഡോസറുകളും ഉപയോ​ഗിച്ചാണ് ഇസ്രായേലിലേക്ക് ഹമാസ് തീവ്രവാദികൾ നുഴഞ്ഞുകയറിയത്. പരിക്കേറ്റ ഇസ്രായേൽ സൈനികരെയും സാധാരണക്കാരെയും ബന്ധിച്ച് വാഹനങ്ങളിൽ കൊണ്ടുപോകുന്ന നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും രക്തരൂക്ഷിതമായ സംഘർഷത്തിലൂടെയാണ് ഇരു രാജ്യങ്ങളും കടന്നുപോകുന്നത്.