ലെബനനിൽ അതിശക്തമായ വ്യോമാക്രമണങ്ങൾ. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്‌വര എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ലെബനനിലെ പോരാട്ടങ്ങൾക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ സൈന്യം. ലെബനനിൽ അതിശക്തമായ വ്യോമാക്രമണങ്ങൾ. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്‌വര എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. വെറും പത്ത് മിനിറ്റിനുള്ളിൽ ഹിസ്ബുള്ളയുടെ നൂറിലധികം കമാൻഡ് സെന്ററുകളും സൈനിക കേന്ദ്രങ്ങളും തകർത്തതായും, ഈ യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്നും ഇസ്രായേൽ അവകാശപ്പെട്ടു. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ പ്രസ്താവന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
യുദ്ധം ആരംഭിച്ച് ഇതുവരെ 130 കുട്ടികളടക്കം 1,500-ലധികം ആളുകൾ ലെബനനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഭാഗം, അതായത് 1.2 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. പ്രധാനമായും തെക്കൻ മേഖലകളിലെയും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെയും ഷിയാ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് ഇത്തരത്തിൽ വീടൊഴിഞ്ഞു പോയത്.
യുദ്ധം അവസാനിച്ചാലും ഈ പ്രദേശങ്ങൾ ഇസ്രായേൽ കൈവശം വെച്ചേക്കാമെന്നും തങ്ങൾക്ക് ഇനി ഒരിക്കലും സ്വന്തം മണ്ണിലേക്ക് മടങ്ങാൻ കഴിയില്ലെന്നും ലെബനൻ നിവാസികൾ ഭയപ്പെടുന്നു. ഫെബ്രുവരി അവസാനം മുതൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിവന്ന യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ലെബനനെയും ഈ സമാധാന കരാറിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ലെബനൻ അറിയിച്ചു.

