ഇസ്ലാമാബാദ്: കശ്മീരിലെ ജനതയ്ക്കൊപ്പം ആരെങ്കിലും  നില്‍ക്കുന്നെങ്കില്‍ അത് ജിഹാദാണെന്നും. ലോകം പിന്തുണച്ചില്ലെങ്കിലും പാകിസ്ഥാന്‍ ഇതിനെ പിന്തുണയ്ക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അമേരിക്കയില്‍ നിന്നും ഞായറാഴ്ച തിരിച്ചെത്തിയ ശേഷമാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമാബാദ് വിമാനതാവളത്തില്‍ തന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

ഇത് ജിഹാദാണ്. നമ്മള്‍ അത് ചെയ്യും കാരണം അല്ലാഹു നമ്മളോട് എന്നും സന്തുഷ്ഠനായിരിക്കണം. സമയം മോശമാണെങ്കിലും മനസ് കൈവിടാതെ നാം ഈ പോരാട്ടത്തില്‍ ഏര്‍പ്പെടണം. പാകിസ്ഥാന്‍ ഒപ്പം നിന്നാല്‍ കശ്മീര്‍ ജനത ജയിക്കും. 

കഴിഞ്ഞ വെള്ളിയാഴ്ച കശ്മീര്‍ വിഷയം ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഉന്നയിച്ചിരുന്നു. കശ്മീരില്‍ മനുഷ്യത്വരഹിതമായ കര്‍ഫ്യൂവാണ് ഇന്ത്യ ഏര്‍പ്പെടുത്തിയത് എന്ന് കുറ്റപ്പെടുത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി കശ്മീരികള്‍ ഇപ്പോള്‍ രാഷ്ട്രീയ തടവുകാരാണ് എന്നും ആരോപിച്ചിരിക്കുന്നു. 

ലഭിച്ച 15 മിനുട്ടും പിന്നീട്ട് 50 മിനുട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച  ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പ്രസംഗിച്ചത്. ഇതില്‍ ഭൂരിഭാഗ സമയവും കശ്മീര്‍ സംബന്ധിച്ചുള്ള വിഷയമാണ് പാക് പ്രധാനമന്ത്രി ഉന്നയിച്ചത്. രണ്ട് ആണവ ശക്തികള്‍ തമ്മില്‍ സംഘര്‍ഷത്തിലായാല്‍ അത് ലോകത്തിന്‍റെ അതിരുകള്‍ക്ക് അപ്പുറം വളരുന്ന പ്രശ്നമാകും എന്നും ഇമ്രാന്‍ സൂചിപ്പിച്ചു.

എന്നാല്‍ ഇതിന് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഖാന്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍റെ യുദ്ധ മുന്നറിയിപ്പിനെ തള്ളി. ഇന്ത്യ ഒരിക്കലും യുദ്ധമല്ല ലോകത്തിന് നല്‍കിയത്, ബുദ്ധന്‍റെ സന്ദേശമായ സമാധാനമാണെന്ന് മോദി പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഇന്ത്യ റദ്ദാക്കിയിരുന്നു. ആഗസ്റ്റ് 5ന് നടന്ന ഈ സംഭവത്തിന് ശേഷം ലോകവേദികളില്‍ കശ്മീര്‍ വിഷയത്തിലേക്ക് ശ്രദ്ധ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍.