റോം: കൊവിഡ് 19 ലോകമാകെ വ്യാപിക്കുമ്പോള്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇറ്റലി. കൊവിഡ് 19നെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്നും എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും ഇറ്റലി അവകാശപ്പെട്ടു. ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സയാണ് ലോകത്തിന് ആശ്വാസമേകുന്ന വാര്‍ത്ത പുറത്തുവിട്ടത്. മനുഷ്യ കോശങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് കൊറോണവൈറസിനെ നിര്‍വീര്യമാക്കിയെന്നും ന്യൂസ് ഏജന്‍സി അവകാശപ്പെട്ടു. ടാകിസ് എന്ന മെഡിക്കല്‍ സ്ഥാപനമാണ് വാക്‌സിന്‍ വികസിപ്പിച്ചത്. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണം.

ആദ്യമായാണ് കോശത്തിലെ കൊറോണവൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കിയെന്ന് ടാകിസ് സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണെന്നും വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യരിലും വാക്‌സിന്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷക്കപ്പുറമാണ് ലഭിച്ച ഫലമെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ പറഞ്ഞു. 
കൊവിഡ് 19ന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേലും രംഗത്തെത്തിയിരുന്നു.