മെസ്സീന കടലിടുക്ക് പാലത്തെ 'ദേശീയ പ്രതിരോധ' പദ്ധതിയായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. സൈനിക ചെലവ് ലക്ഷ്യങ്ങള്‍ മറികടക്കാന്‍ ഇറ്റലിയുടെ കൗതുകകരമായ നീക്കം.
റോം: ബിസി 250ല്‍ റോമന്‍ സൈന്യം തടികൊണ്ട് താല്‍ക്കാലികമായി നിര്‍മ്മിച്ച പാലത്തിലൂടെ സിസിലിയില്‍ നിന്ന് റോമിലേക്ക് ആനകളെ നടത്തിച്ചതിന് ശേഷം പലരും സ്വപ്നം കാണുകയും പരാജയപ്പെടുകയും ചെയ്ത ഒരു ചരിത്ര പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഇറ്റലിയെയും സിസിലി ദ്വീപിനെയും ബന്ധിപ്പിക്കുന്ന 3.7 കിലോമീറ്റര്‍ നീളമുള്ള മെസ്സീന കടലിടുക്ക് പാലത്തിനാണ് പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കിയത്. പൂര്‍ത്തിയായാല്‍ ഇത് ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിള്‍-സ്പാന്‍ സസ്പെന്‍ഷന്‍ പാലമായി മാറും.
എന്നാല്‍, ഈ ഭീമന്‍ നിര്‍മ്മിതി വെറുമൊരു പൊതുമരാമത്ത് പദ്ധതിയല്ല. ഇറ്റലിയുടെ ദേശീയ പ്രതിരോധത്തിന് അത്യാവശ്യമായ അടിസ്ഥാന സൗകര്യ വികസനമായാണ് പ്രധാനമന്ത്രി മെലോണി ഇതിനെ പ്രഖ്യാപിച്ചത്. ഇതിന് പിന്നില്‍ കൗതുകകരവും എന്നാല്‍ അങ്ങേയറ്റം തന്ത്രപരവുമായ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നാറ്റോയും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച കടുത്ത സൈനിക ബജറ്റ് ലക്ഷ്യങ്ങള്‍ മറികടക്കാനുള്ള ഇറ്റലിയുടെ തന്ത്രമാണിത്. 2035 ഓടെ എല്ലാ നാറ്റോ അംഗരാജ്യങ്ങളും തങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 5 ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇത് നേരത്തെ 2 ശതമാനം ആയിരുന്നു.
ഇതിനായി ശതകോടിക്കണക്കിന് ഡോളര്‍ അധികമായി കണ്ടെത്താന്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ ബജറ്റ് കൂട്ടാത്ത രാജ്യങ്ങളെ സംരക്ഷിക്കില്ലെന്നും യൂറോപ്പില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനകം തന്നെ ജര്‍മ്മനിയില്‍ നിന്ന് 5,000 യുഎസ് സൈനികരെ പെന്റഗണ്‍ പിന്‍വലിക്കുകയും ചെയ്തു.
കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതവും അതിന് പിന്നാലെയുണ്ടായ പണപ്പെരുപ്പവും പലിശനിരക്ക് വര്‍ദ്ധനവും കാരണം യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി ദയനീയമാണ്. പ്രതിരോധത്തിനായി പണം കണ്ടെത്തണമെങ്കില്‍ ജനങ്ങളുടെ സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഫ്രാന്‍സിലും യുകെയിലും തുടര്‍ച്ചയായി പ്രധാനമന്ത്രിമാര്‍ മാറുന്ന തരത്തിലുള്ള രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണവും ഈ സാമ്പത്തിക ഞെരുക്കമാണ്. സ്‌പെയിന്‍ പോലുള്ള രാജ്യങ്ങള്‍ ഈ സൈനിക ലക്ഷ്യം പാലിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിലാണ് ഇറ്റലി തങ്ങളുടെ ബജറ്റ് തകരാതിരിക്കാന്‍ പുതിയ തന്ത്രം മെനഞ്ഞത്. പാലം നിര്‍മ്മാണത്തെ പ്രതിരോധ പദ്ധതിയായി തരംതിരിക്കുന്നതിലൂടെ, വലിയൊരു തുക സൈനിക ചെലവായി നാറ്റോ കണക്കുകളില്‍ കാണിക്കാന്‍ ഇറ്റലിക്ക് സാധിക്കും. ഏതായാലും, ട്രംപിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറ്റലി കണ്ടെത്തിയ 'പാലം വിദ്യ' അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.


