ഇറാന്‍റെ 80ലധികം കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രൽ കമാൻഡ്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്‍റെ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്നും, ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും നാവിക ബോട്ടുകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചുവെന്നും യുഎസ് അറിയിച്ചു.
തെഹ്റാൻ: പശ്ചിമേഷ്യയെ സംഘർഷഭീതിയിലാക്കി ഇറാൻ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് വ്യോമസേനയുടെ ആക്രമണം. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ എൺപതിലധികം കേന്ദ്രങ്ങളാണ് തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പത്ത് ദിവസം മുൻപ് നടത്തിയ ആക്രമണത്തേക്കാൾ നാലോ അഞ്ചോ മടങ്ങ് വലിയ തോതിലുള്ള വൻ നാശനഷ്ടമാണ് യുഎസ് ഇത്തവണ ഇറാനിൽ വിതച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘അക്സിയോസ്’ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയും അന്ത്യസംസ്കാര ചടങ്ങുകളും പുരോഗമിക്കുന്നതിനിടെയാണ് യുഎസിന്റെ ഈ അപ്രതീക്ഷിത വ്യോമാക്രമണം. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിന് പകരമായാണ് ഈ 'ശിക്ഷാ നടപടി' എന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. വാണിജ്യ കപ്പലുകളെ ആക്രമിച്ചതിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും, ഇറാൻ മുന്നറിയിപ്പുകൾ ചെവികൊള്ളാത്തതിനാലാണ് ആക്രമണത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇറാന്‍റെ റഡാർ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഉപരിതല-വ്യോമ മിസൈൽ താവളങ്ങൾ. കപ്പൽ വിരുദ്ധ ക്രൂസ് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തീരദേശ നിരീക്ഷണ സംവിധാനങ്ങളുമാണ് പ്രധാനമായും തകർക്കപ്പെട്ടത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്‍റെ 60-ലധികം ചെറു യുദ്ധബോട്ടുകളും തകർത്തതായാണ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ആക്രമണത്തെ തുടർന്ന് ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസിൽ പത്തും, സിരിക്കിൽ ഒൻപതും, ഖേഷ്ം ഐലൻഡിൽ ആറും തവണ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി 'അൽ ജസീറ' റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാനിൽ നിന്നുള്ള എണ്ണ വിപണനത്തിനുള്ള താൽക്കാലിക ഇളവുകൾ യുഎസ് റദ്ദാക്കുകയും ചെയ്തു. യുഎസ് ആക്രമണത്തെ അധിനിവേശമെന്ന് വിശേഷിപ്പിച്ച ഇറാന്‍റെ ഖാത്തം-അൽ-അൻബിയ സൈനിക ആസ്ഥാനം, ഇതിന് മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിൽ ഒരു വിദേശ ശക്തിയുടെയും ഇടപെടൽ അനുവദിക്കില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് വ്യക്തമാക്കി. ‘ഭീഷണിപ്പെടുത്തലിന്റെ കാലം കഴിഞ്ഞു, ഇറാൻ ആർക്കും മുൻപിൽ കീഴടങ്ങില്ല’ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.


