അമേരിക്ക: അടുത്ത വർഷത്തെ തെര‍ഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഔദ്യോ​ഗിക പദവിയിൽ ഒപ്പമുണ്ടാകില്ല എന്ന് സൂചന നൽകി മകളും ഉപദേശകയുമായ ഇവാൻക ട്രംപ്. സിബിഎസ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഇവാൻക ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭരണപരമായ ചുമതലകളില്‍ തുടരുമോ എന്നായിരുന്നു ചോദ്യം. എന്നാൽ ഇനിയില്ലെന്ന സൂചന നല്‍കിയാണ് ഇവാന്‍ക മറുപടി നല്‍കിയത്. കുട്ടികൾക്കും അവരുടെ സന്തോഷത്തിനുമാണ് താൻ പ്രഥമ പരി​ഗണന നൽകുന്നതെന്നായിരുന്നു ഇവാൻകയുടെ വിശദീകരണം. അവരുടെ ആവശ്യങ്ങൾ ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യുന്നതെന്നും ഇവാൻക കൂട്ടിച്ചേർത്തു. 

കഴിഞ്ഞ രണ്ടരവർഷമായി രാജ്യത്തെ മിക്ക സ്റ്റേറ്റുകളിലും സന്ദർശനം നടത്തിയിട്ടുണ്ട്. നിരവധി പ്രവർത്തനങ്ങൾ നടത്താനും സാധിച്ചു. എല്ലാം പൂർത്തിയായിട്ടില്ലെന്നും ഇനിയും ധാരാളം പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും ഇവാൻക പറഞ്ഞു. ഔദ്യോ​ഗിക സ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ സംബന്ധിച്ച് രാഷ്ട്രീയത്തില്‍ തനിക്ക് അത്ര താത്പര്യമില്ലെന്നായിരുന്നു മറുപടി. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളായ ഇവാന്‍കയും ഭര്‍ത്താവ് ജാറേഡ് കുഷ്‌നറും 2017 മുതല്‍ പ്രസിഡന്റിന്റെ ഉപേദേശകരായി പ്രവര്‍ത്തിക്കുന്നു.