Asianet News MalayalamAsianet News Malayalam

എട്ട് തവണ ശ്രമിച്ചിട്ടും വധശിക്ഷ നടപ്പാക്കാനായില്ല; നടപടികൾ തത്കാലത്തേക്ക് നിർത്തിവെച്ച് ചേംബറിൽ നിന്ന് മാറ്റി

കൈയും കാലും ബന്ധിച്ച് ഇയാളെ ഒരു മണിക്കൂറോളം കിടത്തിയിട്ടും ഐ.വി ലൈൻ ഇടാൻ മെഡിക്കൽ സംഘത്തിന് സാധിച്ചില്ലെന്ന് ജയിൽ അധികൃതരും സാക്ഷികളും പറ‍ഞ്ഞു. 

jail authorities were unable to find a vein for IV line and execution called off afe
Author
First Published Feb 29, 2024, 12:36 PM IST

വാഷിങ്ടൺ: വിഷം കുത്തിവെയ്ക്കാനായി ഞരമ്പിൽ ട്രിപ്പ് ഇടാൻ സാധിക്കാതെ വന്നതോടെ വധശിക്ഷ മാറ്റിവെച്ച് ജയിൽ അധികൃതര്‍. അമേരിക്കയിലെ ഇദോഹോയിൽ ബുധനാഴ്ചയായിരുന്നു അസാധാരണമായൊരു സംഭവത്തിലൂടെ കുറ്റവാളിക്ക് ജീവിതം നീട്ടിക്കിട്ടിയത്. നിരവധി കൊലപാതകങ്ങളിൽ പ്രതിയായ തോമസ് ക്രീച് എന്ന് 73 വയസുകാരന്റെ വധശിക്ഷയാണ് തത്കാലത്തേക്ക് മാറ്റിവെച്ചതായി ജയിൽ അധികൃതർ അറിയിച്ചത്.

ഞരമ്പിൽ ട്രിപ്പ് ഇടുന്നതിനുള്ള ഐ.വി ലൈൻ ഇട്ടശേഷം അതിലൂടെ വിഷദ്രാവകങ്ങള്‍ കടത്തിവിട്ട് വധശിക്ഷ നടപ്പാക്കുന്ന രീതിയാണ് അമേരിക്കയിൽ ഏറെ പ്രചാരത്തിലുള്ളത്. ബുധനാഴ്ചയായിരുന്നു തോമസ് ക്രീചിന്റെ വധശിക്ഷ നടപ്പാക്കാൻ ഇദാഹോ കറക്ഷൻസ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചിരുന്നത്. ഇതിനായി ഒരുക്കങ്ങള്‍ പൂർത്തിയാക്കിയ ശേഷം വധശിക്ഷ നടപ്പാക്കുന്ന ചേംബറിൽ പ്രത്യേക ടേബിളിൽ കൈയും കാലും ബന്ധിച്ച് ഇയാളെ ഒരു മണിക്കൂറോളം കിടത്തിയിട്ടും ഐ.വി ലൈൻ ഇടാൻ മെഡിക്കൽ സംഘത്തിന് സാധിച്ചില്ലെന്ന് ജയിൽ അധികൃതരും സാക്ഷികളും പറ‍ഞ്ഞു. 

കൈകളിലും കാലുകളിലും ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവെച്ചുവെന്നും കറക്ഷൻസ് ഡിപ്പാർട്ട്മെന്റ്  ഡയറക്ടർ അറിയിച്ചു. അടുത്ത ഘട്ടം എങ്ങനെയാണെന്നും ഇനി എന്താണെന്ന് തുടർനടപടിയെന്നുമുള്ള കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നും വരും ദിവസങ്ങളിൽ കൂടിയാലോചനകൾ നടത്തി തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേംബറിൽ വധശിക്ഷ കാത്തുകിടക്കുന്ന സമയത്ത് ഐ.വി ലൈൻ ഇടാൻ ശ്രമിക്കുമ്പോഴൊന്നും തോമസ് ക്രീചിന് വലിയ വേദനയൊന്നും അനുഭവപ്പെട്ടതായി മുഖഭാവത്തിൽ നിന്ന് തോന്നിയിട്ടില്ലെന്നും ഒടുവിൽ വധശിക്ഷ മാറ്റിവെച്ചതായി അറിയിച്ചപ്പോൾ അദ്ദേഹം ആശ്വസിച്ചത് കണ്ടുവെന്നും സാക്ഷികളിലൊരാളായ മാധ്യമ പ്രവർത്തകൻ പറഞ്ഞു. എന്തൊക്കെയോ അയാൾ പറയുന്നുണ്ടായിരുന്നു. അത് കേൾക്കാൻ കഴിഞ്ഞില്ല. എന്നാൽ ആശ്വാസത്തിലായിരുന്നു എന്ന് അയാളെ കണ്ടപ്പോൾ മനസിലായി - അദ്ദേഹം പറഞ്ഞു.

40 വർഷമായി വധശിക്ഷ കാത്തുകഴിയുകയാണ് തോമസ് ക്രീച്. 12 വർഷത്തിനിടെ ഇദാഹോയിൽ നടക്കാനിരുന്ന ആദ്യത്തെ വധശിക്ഷയായിരുന്നു ഇന്നലത്തേത്. 1981ൽ സഹതടവുകാരനെ മർദിച്ച് കൊന്ന കേസിലാണ് വധശിക്ഷ വിധിച്ചിരുന്നത്. നേരത്തെ അഞ്ച് കൊലപാതക കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിക്കുകയായിരുന്നു. ഒരു ഡസനിലേറെ കൊലപാതകങ്ങള്‍ കൂടി താൻ നടത്തിയിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നുണ്ടായിരുന്നു.

നേരത്തെയും ഇത്തരത്തിൽ വധശിക്ഷ മാറ്റിവെയ്ക്കപ്പെടുന്ന സംഭവം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി കൊലപാതകങ്ങളിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ കെന്നത്ത് സ്മിത്ത് എന്നയാളുടെ വധശിക്ഷ 2022 നവംബറിൽ വിഷം കുത്തിവെച്ച് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. പിന്നീട് നൈട്രജൻ വാതകം നൽകി ഈ വർഷം ആദ്യത്തിൽ ഇയാളുടെ വധശിക്ഷ നടപ്പാക്കി. അമേരിക്കയിൽ ആദ്യമായായിരുന്നു ഇത്തരത്തിൽ വധശിക്ഷ നടപ്പാക്തിയത്. 

ട്രിപ്പ് ഇടാൻ സാധിക്കാത്തതു കൊണ്ടാണ് കൂടുതൽ തവണയും വധശിക്ഷകൾ നടപ്പാക്കാൻ സാധിക്കാതിരുന്നതെന്നാണ് അമേരിക്കയിലെ കണക്കുകളും പറയുന്നത്. 2023ൽ ആകെ 24 വധശിക്ഷകളാണ് അമേരിക്കയിൽ നടപ്പാക്കിയത്. ഇവയെല്ലാം വിഷം കുത്തിവെച്ച് തന്നെയായിരുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 23 എണ്ണം വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാർ വധശിക്ഷ നടപ്പാക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

Follow Us:
Download App:
  • android
  • ios