Asianet News MalayalamAsianet News Malayalam

ജയ്ഷെ തലവൻ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ച് പാകിസ്ഥാൻ: രാജ്യം അതീവ ജാഗ്രതയിൽ

രാജ്യത്ത് ആക്രമണങ്ങൾ നടത്തുന്നത് ഏകോപിപ്പിക്കാൻ രഹസ്യമായ ജയിലിൽ നിന്ന് മോചിതനാക്കിയെന്നാണ് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരങ്ങൾ. രാജസ്ഥാൻ അതിർ‍ത്തിയിൽ വൻ പാക് സേനാ വിന്യാസം. 

Jaish chief Masood Azhar secretly released from Pak jail
Author
New Delhi, First Published Sep 9, 2019, 9:10 AM IST

ദില്ലി: ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയതായി ഇന്‍റലിജൻസ് മുന്നറിയിപ്പ്. രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്‍റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു. ഇത് ഏകോപിപ്പിക്കാനാണ് അതീവരഹസ്യമായി അസറിനെ ജയിൽമോചിതനാക്കിയത്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ - പാക് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ വൻ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസർ കരുതൽ തടങ്കലിലാണെന്നായിരുന്നു പാകിസ്ഥാൻ പറഞ്ഞിരുന്നത്. 

രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശമാണ് ഇതേത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്. 

ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്‍എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഒരു ആക്രമണമുണ്ടായേക്കാം എന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. 

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞാൽ ''ഉണ്ടാകുന്ന പ്രത്യാഘാതങ്ങ''ൾക്ക് എല്ലാ ഉത്തരവാദിത്തവും ഇന്ത്യയ്ക്കായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയാണ് സംഘർഷങ്ങൾ തുടങ്ങിവച്ചതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. 

പിന്തുണ തേടി പാകിസ്ഥാൻ അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്‍റെയും വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. അന്താരാഷ്ട്ര സമൂഹം കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടിൽ ഉറച്ചുനിന്നു.

ഇമ്രാന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് േസനാമേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വ, ''ഏതറ്റം വരെയും പോകാൻ'' തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. കശ്മീരി സഹോദരൻമാർക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാണെന്നായിരുന്നു ജനറൽ ബാജ്‍വ പറഞ്ഞത്. അവസാനബുള്ളറ്റും സൈനികരും ശ്വാസവും ശേഷിക്കുന്നത് വരെ പോരാടുമെന്നായിരുന്നു ബാജ്‍വ പറഞ്ഞത്. 

ഇന്ത്യ കശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കുമെന്ന് പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ഒരു വിവരവും ലഭിച്ചില്ലെന്നത് പാക് സർക്കാരിന് മേൽ വൻ സമ്മർദ്ദമാണുണ്ടാക്കുന്നത്. ഐഎസ്ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്‍റലിജൻസ് പരാജയമാണിത്. എങ്ങനെയെങ്കിലും തിരിച്ചടിക്കണമെന്ന സമ്മർദ്ദം പാക് സർക്കാരിന് മേലുണ്ടെന്നും ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. 

ജമ്മു കശ്മീരിൽ നിന്ന് സർക്കാരിന്‍റെ ശ്രദ്ധ വേറെ എങ്ങോട്ടെങ്കിലും തിരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. ഇതിനാണ് രാജ്യത്ത് ഭീകരാക്രമണങ്ങൾക്ക് ശ്രമിക്കുന്നത്. 

അതിർത്തിയിൽ ഏതാണ്ട് 230 ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായാണ് വിവരമെന്നും, പാകിസ്ഥാൻ അതിർത്തിയിൽ സമാധാനം നഷ്ടമാക്കുകയാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ വെളിപ്പെടുത്തിയിരുന്നു. 

മസൂദ് അസറിന്‍റെ നേതൃത്വത്തിലാണ് ഭീകരസംഘടനയായ ജയ്‍ഷെ മുഹമ്മദ് 2001-ൽ ഇന്ത്യയുടെ പാർലമെന്‍റ് മന്ദിരത്തിൽ ആക്രമണം നടത്തിയത്. അതേ ജയ്‍ഷാണ് ഈ വർഷം ജനുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന്‍റെയും സൂത്രധാരർ. പുൽവാമയിൽ കാർ ഇടിച്ചു കയറ്റി ചാവേർ പൊട്ടിത്തെറിച്ചപ്പോൾ കൊല്ലപ്പെട്ടത് 40 ജവാൻമാരാണ്. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യുഎൻ സുരക്ഷാ സമിതി 2019 മെയ് 1-ന് പ്രഖ്യാപിച്ചിരുന്നു. 

1994-ൽ കശ്മീരിനെ അനന്ത് നാഗിൽ നിന്ന് മസൂദ് അസർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ 1999 ഡിസംബറിൽ ഇന്ത്യൻ വിമാനം ഖാണ്ഡഹാറിൽ റാഞ്ചിയ ഭീകരർ പകരം ആവശ്യപ്പെട്ടത് അസർ അടക്കമുള്ള ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു. അന്ന് ഇന്ത്യൻ സർക്കാരിന് ആ ഭീഷണിയ്ക്ക് വഴങ്ങേണ്ടി വന്നു. 

Follow Us:
Download App:
  • android
  • ios