പാക് മാധ്യമമായ ജിയോ ടിവിയുടെ ഉർദു ന്യൂസ് ചാനലാണ് ജയ്ഷെ തലവൻ മസൂദ് അസർ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത്. 

ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമമായ ജിയോ ടിവി. മസൂദ് അസറിന്‍റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ചാണ് ജിയോ ടിവിയുടെ ഉർദു ന്യൂസ് ചാനൽ ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. 

സാമൂഹമാധ്യമങ്ങളും ചില ദേശീയ മാധ്യമങ്ങളും വ്യാപകമായി മസൂദ് അസർ മരിച്ചെന്ന് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് പാക് മാധ്യമങ്ങൾ തന്നെ ഇതിനെതിരെ വാർത്തകൾ നൽകുന്നത്. എന്നാൽ മസൂദ് അസറിന്‍റെ ആരോഗ്യനില ഇപ്പോൾ എങ്ങനെയാണെന്ന വിവരങ്ങളൊന്നും പാക് മാധ്യമങ്ങൾ പുറത്തു വിടുന്നില്ല. 

വൃക്കയ്ക്ക് രോഗം ബാധിച്ച മസൂദ് അസർ തീരെ അവശനിലയിലാണെന്നും എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു. പാക് സൈനിക ആശുപത്രികളിലാണ് മസൂദ് അസറിന് ചികിത്സ നൽകുന്നതെന്നാണ് ഇന്ത്യൻ ഇന്‍റലിജൻസ് വിഭാഗത്തിന് കിട്ടിയിരിക്കുന്ന വിവരം.

റാവൽ പിണ്ടി സൈനിക ആശുപത്രിയിൽ വച്ച് ശനിയാഴ്ച ഉച്ചയോടെ മസൂദ് അസർ മരിച്ചെന്നായിരുന്നു അഭ്യൂഹങ്ങളുയർന്നത്. പാക് സർക്കാരോ സൈന്യമോ ഇക്കാര്യം സ്ഥിരീകരിച്ചില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ 'എനിക്കിതിനെക്കുറിച്ച് ഒന്നുമറിയില്ല' എന്നായിരുന്നു പാക് മന്ത്രി ഫവാദ് ചൗധുരി പ്രതികരിച്ചത്. 

ചില പാക് മാധ്യമപ്രവർത്തകരും അസർ മരിച്ചെന്ന റിപ്പോർട്ടുകൾ കള്ളമാണെന്ന് പറഞ്ഞിരുന്നു.

Scroll to load tweet…