ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്നും അസിം മുനീര്‍ പറഞ്ഞു

ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ വിഷയത്തിൽ പ്രകോപന പ്രസംഗവുമായി വീണ്ടും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീര്‍. ജമ്മു കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഭീകരവാദമായി മുദ്രകുത്തുന്നതെന്ന് അസിം മുനീര്‍ പറഞ്ഞു. പോരാട്ടത്തിൽ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാൻ നിൽക്കുമെന്നും അസിം മുനിര്‍ പറഞ്ഞു. 

കറാച്ചിയിലെ പാകിസ്ഥാൻ നാവിക സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിനിടെയായിരുന്നു അസിം മുനീറിന്‍റെ വിവാദ പ്രസ്താവന. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായ മറുപടി നൽകുമെന്നും അസിം മുനീര്‍ പറഞ്ഞു.

"അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഇന്ത്യ തീവ്രവാദമായി ചിത്രീകരിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തെ അടിച്ചമര്‍ത്താനും പരിഹാരത്തിന് പകരം സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കുന്നവര്‍ ഈ പോരാട്ടത്തെ കൂടുതൽ പ്രസക്തമാക്കുകയാണ്"- അസിം മുനീര്‍ അവകാശപ്പെട്ടു.

കശ്മീരിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ കശ്മീര്‍ വിഷയത്തിൽ ഒരൊറ്റ പ്രമേയം കൊണ്ടുവരണമെന്നാണ് പാകിസ്ഥാൻ ആവശ്യപ്പെടുന്നതെന്നും അസിം മുനീര്‍ പറഞ്ഞു. കശ്മീര്‍ പാകിസ്ഥാന്‍റെ കഴുത്തിലെ സിരയാണെന്നാണ് നേരത്തെ അസിം മുനീര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും എന്നും എല്ലായിപ്പോഴും രാജ്യത്തിന്‍റെ അവിഭാജ്യമായി തുടരുമെന്ന് ഇന്ത്യ പലപ്പോഴായി പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിനുശേഷം പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു. 

ഇന്ത്യയുടെ ആക്രമണത്തിനിടെ അസിം മുനീര്‍ ബങ്കറുകളിൽ അഭയം പ്രാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സംഘര്‍ഷം അവസാനിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞശേഷമാണിപ്പോള്‍ വീണ്ടും പ്രകോപന പ്രസംഗവുമായി പാക് സൈനിക മേധാവി രംഗത്തെത്തിയത്.