സൗദി കിരീടാവകാശി സിറിയയ്ക്ക് സമ്മാനിച്ച പെട്ട ഒടുവിൽ തുറന്നു. ഏറെ നാളത്തെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് ശേഷമാണ് പെട്ടിയിലെ സമ്മാനം എന്താണെന്ന് വെളിപ്പെടുത്തിയത്.
റിയാദ്: സൗദിയും സിറിയയും തമ്മിൽ സൗഹൃദം വീണ്ടെടുത്ത ശേഷം സൗദി കിരീടാവകാശി ഒരു പെട്ടി സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഉമയ്യദ് മസ്ജിനായി കൊടുത്തയക്കുകയായിരുന്നു. തുറന്ന് ഉള്ളിലെന്താണെന്ന് വെളിപ്പെടുത്താതെ തലസ്ഥാനമായ ദമാസ്കസിലെ ഉമയ്യദ് പള്ളിയിൽ അത് ഒരു പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു.
കുറച്ച് ആഴ്ചകളായി സിറിയൻ ജനത മുഴുവൻ ആലോചിച്ചത് ആ പെട്ടിയിൽ എന്താണെന്നാണ്. ഒടുവിൽ സിറിയൻ സ്വാതന്ത്ര്യദിനമായ ഡിസംബർ എട്ടിന് പെട്ടി തുറന്ന് അതിൽ എന്താണെന്ന് വെളിപ്പെടുത്തും എന്ന് ഗവൺമെൻറ് അറിയിച്ചപ്പോൾ ജിജ്ഞാസയുമായി ജനം ആ ദിവസത്തിനുള്ള കാത്തിരിപ്പിലായി. ഒടുവിൽ ആ ദിനം വന്നെത്തി. ഇന്ന് ഉമയ്യദ് പള്ളിയിൽ വെച്ച് ആ പച്ച വിരി മാറ്റി, പെട്ടി തുറന്നു. മക്കയിലെ വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന കിസ്വ (പുടവ)യുടെ ഒരു കഷണമായിരുന്നു സമ്മാനമായി ആ പെട്ടിയിലുണ്ടായിരുന്നത്. എല്ലാ വർഷവും വിശുദ്ധ ഗേഹമായ കഅ്ബയുടെ പുടവ (കിസ്വ) മാറ്റി പുതിയത് അണിയിക്കുന്ന ചടങ്ങ് നടക്കും. അഴിച്ചുമാറ്റുന്ന പഴയ പുടവ കഷണങ്ങളാക്കി സൗഹൃദ രാജ്യങ്ങൾക്കും ലോകനേതാക്കൾക്കും സൗദി അറേബ്യ സമ്മാനിക്കാറുണ്ട്. സൗഹൃദത്തിന്‍റെ ഈടുവെപ്പായി സൗദി അറേബ്യ ഇത് വർഷങ്ങളായി തുടരുന്ന ശീലമാണ് ഇത്.


