2011ൽ ഏകദേശം 20000 പേരുടെ മരണത്തിന് കാരണമായ ശക്തമായ ഭൂകമ്പം നേരിടാൻ ജനങ്ങൾ സജ്ജമാകണമെന്നാണ് മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിൽ മെഗാക്വേക്ക് മുന്നറിയിപ്പ്. ജപ്പാന്റെ വടക്കൻ തീരത്ത് അടുത്ത ആഴ്ചയിൽ അതി തീവ്രതയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാധ്യതാ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് ജപ്പാനിൽ 7.5 തീവ്രതയുള്ള ഭൂകമ്പം ജപ്പാനിലുണ്ടായിരുന്നു. ഇതിന്റെ തുടർചലനങ്ങളുടെ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയത്. മെഗാക്വേക്ക് മുന്നറിയിപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 8 ഓ അതിലധികമോ തീവ്രതയുള്ള തുടർ ചലനം ഉണ്ടാവുമെന്നാണ്. വടക്കൻ പസഫിക് തീരത്തിൽ സാധാരണയിലും അധികം ശക്തമായ രീതിയിൽ ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയാണ് നൽകിയത്. തിങ്കളാഴ്ച രാത്രിയാണ് 7.5 തീവ്രതയുള്ള ഭൂകമ്പമാണ് അമോറിയിലുണ്ടായത്. വടക്കൻ ഹോൻഷുവിലും അമോറിയലും 54 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 60 സെന്റിമീറ്റർ മുതൽ 70 സെന്റിമീറ്റർ വരെ ഉയരമുള്ള ചെറുസുനാമികളും ഉണ്ടായിരുന്നു. 33 പേർക്കാണ് പരിക്കേറ്റത്. 

പരിക്കേറ്റത് 33 പേ‍ർ 

90000 ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. ടോക്കിയോയിലെ റോഡുകളിൽ വിള്ളലുകൾ വരാൻ വരെ ശക്തമായ ഭൂകമ്പമാണ് തിങ്കളാഴ്ചയുണ്ടായത്. പ്രഭവ കേന്ദ്രത്തിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ് ടോക്കിയോ. ജപ്പാനിലെ കാലാവസ്ഥാ ഏജൻസി 2022 മുതലാണ് മെഗാക്വേക്ക് മുന്നറിയിപ്പുകൾ നൽകിത്തുടങ്ങിയത്. തീവ്രത 7ലും കൂടിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെയാണ് മെഗാക്വേക്ക് മുന്നറിയിപ്പ് നൽകുന്നത്. ഈ മേഖലയിൽ നിലവിലെ മുന്നറിയിപ്പ് ഇത്തരത്തിലുള്ള ആദ്യത്തേതാണ്. 7.5 തീവ്രതയുള്ള തുടർ ഭൂകമ്പത്തിന്റെ മുന്നറിയിപ്പ് കിഴക്കൻ തീരമായ അമോറിയിലാണ് ഭൂകമ്പ സാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജപ്പാനിലെ ഹോൻഷുവിലടക്കം ഭൂകമ്പത്തിന്റെ പ്രഭാവമുണ്ടെന്നാണ് മുന്നറിയിപ്പ്. 

ചൊവ്വാഴ്ച നൽകിയ മുന്നറിയിപ്പ് പ്രവചനമല്ലെന്നും എട്ടോ അതിലധികം തീവ്രതയോ ഉള്ള ഭൂകമ്പത്തിന്റെ സാധ്യത ഒരു ശതമാനം മാത്രമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. എന്നാൽ 2011ൽ ഏകദേശം 20000 പേരുടെ മരണത്തിന് കാരണമായ ശക്തമായ ഭൂകമ്പം നേരിടാൻ ജനങ്ങൾ സജ്ജമാകണമെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. അടുത്ത ആഴ്ച മുഴുവൻ മുന്നറിയിപ്പ് ബാധകമെന്നാണ് അധികൃതർ വിശദമാക്കുന്നത്. തീരമേഖലയിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു. 2024ൽ ജപ്പാനിലെ പസഫിക് തീരമേഖലയിൽ മെഗാക്വേക്ക് മുന്നറിയിപ്പ് നൽകിയത് വലിയ രീതിയിൽ ആശങ്ക പടർത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം