ടോക്യോ: ക്യോട്ടോയിലെ ആനിമേഷന്‍ സ്റ്റുഡിയോക്ക് തീയിട്ട് 36 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി ജാപ്പനീസ് പൊലീസ്. 42കാരനായ ഷിന്‍ജി ഓബയാണ് അറസ്റ്റിലായത്. കൂട്ടക്കൊലക്ക് 10 മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. പൊള്ളലേറ്റ് ഇയാളും ചികിത്സയിലായിരുന്നു. ഇയാളുടെ ആരോഗ്യം മെച്ചപ്പെടാനാണ് കാത്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. 2019 ജൂലായ് 18നാണ് ജപ്പാനെ ഞെട്ടിച്ച് ക്യോട്ടോവിലെ പ്രധാന ആനിമേഷന്‍ സ്റ്റുഡിയോക്ക് തീവെച്ച് 36 പേരെ കൊലപ്പെടുത്തിയത്. 

ദൃക്‌സാക്ഷികളുടെ വിവരണം അനുസരിച്ച് കൈയില്‍ കത്തിക്കാനുള്ള ഇന്ധനവുമായി എത്തിയ ഓബ മുന്‍ വാതില്‍ തള്ളിത്തുറന്ന് ഇന്ധനമൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവ സമയത്ത് ഏകദേശം 70ഓളം പേര്‍ സ്റ്റുഡിയോയിലുണ്ടായിരുന്നു. അക്രമിക്കും പൊള്ളലേറ്റു. പലരും ജനല്‍വഴി പുറത്തുചാടിയാണ് രക്ഷപ്പെട്ടത്. ആനിമേഷന്‍ സ്റ്റുഡിയോ നോവലുകള്‍ മോഷ്ടിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.