ഒകിനാവാൻ ദ്വീപുകൾക്ക് സമീപം ജാപ്പനീസ് വിമാനങ്ങൾക്ക് നേരെ ചൈനീസ് യുദ്ധവിമാനങ്ങൾ അഗ്നി നിയന്ത്രണ റഡാർ തിരിച്ചുവെന്ന് ജപ്പാൻ ആരോപിച്ചു. ചൈനയുടെ ഈ അപകടകരമായ നടപടി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഉണ്ടായിരിക്കുന്നത്.

ദില്ലി: ഏഷ്യൻ ശക്തികളായ ചൈനയും ജപ്പാനും തമ്മിൽ സംഘർഷം മൂർച്ഛിക്കുന്നു. ജപ്പാനിലെ ഒകിനാവാൻ ദ്വീപുകൾക്ക് സമീപം ശനിയാഴ്ച അന്താരാഷ്ട്ര ജലാതിർത്തിക്ക് മുകളിലൂടെ ജാപ്പനീസ് വിമാനങ്ങൾക്ക് നേരെ ചൈനീസ് യുദ്ധവിമാനങ്ങൾ തങ്ങളുടെ അഗ്നി നിയന്ത്രണ റഡാർ തിരിച്ചുവെന്ന് ജപ്പാൻ ആരോപിച്ചു. ചൈനയുടെ നടപടി അപകരമാണെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചു. വിമാനങ്ങളുടെ സുരക്ഷിതമായ പറക്കലിനെ തടസ്സപ്പെടുത്തുന്നതായിരുന്നു റഡാർ പ്രകാശമെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്സുമി എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. സംഭവത്തിൽ ജപ്പാൻ ചൈനയോട് പ്രതിഷേധം അറിയിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ട ചൈനീസ് ജെ-15 ജെറ്റുകൾ, മൂന്ന് മിസൈൽ ഡിസ്ട്രോയറുകൾക്കൊപ്പം ഒകിനാവ ദ്വീപുകൾക്ക് തെക്ക് കുതിച്ചുകൊണ്ടിരുന്ന ചൈനയുടെ ലിയോണിംഗ് വിമാനവാഹിനിക്കപ്പലിൽ നിന്നാണ് വിക്ഷേപിച്ചതെന്ന് ജപ്പാൻ പറഞ്ഞു.

തർക്ക പ്രദേശത്തിന് സമീപമുള്ള ദ്വീപുകളെച്ചൊല്ലിയുള്ള ഏറ്റുമുട്ടലുകൾ അയൽക്കാർ തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് ചൈനയുടെ നടപടി. ജപ്പാന്റെ സുരക്ഷക്ക് ഭീഷണിയാണെങ്കിൽ തായ്‌വാനെതിരെയുള്ള ഏത് ചൈനീസ് സൈനിക നടപടിക്കും ജപ്പാൻ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ബന്ധം ഇതിനകം വഷളായി. യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, സൈനികർ എന്നിവയുൾപ്പെടെയുള്ള യുഎസ് സൈനിക ശക്തിയുടെ ഏറ്റവും വലിയ വിദേശ കേന്ദ്രം ജപ്പാനാണെന്നതും ഒകിനാവയിൽ ആസ്ഥാനമായുള്ള ആയിരക്കണക്കിന് യുഎസ് മറൈനുകൾ ഉൾപ്പെടെ ആ സംഘത്തിന്റെ വലിയൊരു പങ്കും ജപ്പാനിലാണെന്നതും ചൈനയെയും ആശങ്കയിലാക്കുന്നു.