കീടനിയന്ത്രണ സംവിധാനങ്ങളിലെ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യൻ മാമ്പഴങ്ങൾക്ക് ജപ്പാൻ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ടോക്യോ: ഇന്ത്യയിൽ നിന്നുള്ള മാങ്ങകളുടെ ഇറക്കുമതി വിലക്കി ജപ്പാൻ. കീടനിയന്ത്രണ സംവിധാനങ്ങളിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഇറക്കുമതി നിർത്തിവെച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ അൽഫോൻസോ, കേസർ, ബംഗനപ്പള്ളി തുടങ്ങിയ ഇന്ത്യൻ മാമ്പഴങ്ങളുടെ ജപ്പാനിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യൻ മാമ്പഴങ്ങൾക്ക് ജപ്പാൻ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. മുൻപ് പഴ ഈച്ചകളുടെ (ഫ്രൂട്ട് ഫ്ലൈ) സാന്നിധ്യം കാരണം ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങൾ നിരോധിച്ചിരുന്നു. 2006-ലാണ് ആ വിലക്ക് നീക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രാദേശിക കൃഷിയെ തകർക്കുന്ന അധിനിവേശ കീടങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത 'സീറോ ടോളറൻസ്' നയമാണ് ജപ്പാൻ പിന്തുടരുന്നത്. ഇതിന്റെ ഭാഗമായാണ് മാമ്പഴങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ കർശനമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ജപ്പാൻ വീണ്ടും പരിശോധിച്ചത്. എല്ലാ വർഷവും മാമ്പഴ സീസൺ ആരംഭിക്കുന്നതിന് മുൻപായി, മാമ്പഴങ്ങൾ അണുവിമുക്തമാക്കുന്ന ഇന്ത്യയിലെ വേപ്പർ ഹീറ്റ് ട്രീറ്റ്മെന്റ് കേന്ദ്രങ്ങൾ പരിശോധിക്കാൻ ജപ്പാൻ ഉദ്യോഗസ്ഥരെ അയക്കാറുണ്ട്. കീടങ്ങളെയും അവയുടെ ലാർവകളെയും നശിപ്പിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കാതെ, നിയന്ത്രിത ചൂടും ഈർപ്പവുമുള്ള വായു കടത്തിവിട്ട് നടത്തുന്ന ഈ ശുദ്ധീകരണ പ്രക്രിയ ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി കരാറിലെ പ്രധാന നിബന്ധനയാണ്. എന്നാൽ ഈ വർഷം മാർച്ചിൽ ജാപ്പനീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അണുനശീകരണത്തിൽ പോരായ്മകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

സാങ്കേതികമായ ഈ വീഴ്ചകളുടെ കൃത്യമായ വിവരങ്ങൾ അധികൃതർ പരസ്യമാക്കിയിട്ടില്ലെങ്കിലും ജപ്പാനിലെ യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ കർശന നടപടിയുമായി രംഗത്തുവന്നു. കീട നിയന്ത്രണ നിലവാരം മെച്ചപ്പെടുത്തുന്നത് വരെ വിലക്ക് തുടരുമെന്നാണ് അറിയിപ്പ്. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ വിപണിയല്ല ജപ്പാൻ എങ്കിലും, അവിടെ ഇന്ത്യൻ മാമ്പഴങ്ങൾക്ക് ലഭിക്കുന്ന ഉയർന്ന വില കണക്കിലെടുക്കുമ്പോൾ ഈ നിരോധനം കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. പ്രതിവർഷം 28 ദശലക്ഷം മെട്രിക് ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്ന ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമാണ്.