2035 ഓടെ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ പഠനം വ്യക്തമാക്കുന്നു. മുസ്ലിം സ്ത്രീകളിലെ ഉയർന്ന ജനനനിരക്കും കുറഞ്ഞ ശരാശരി പ്രായവുമാണ് വളർച്ചയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ലോകത്തെ ഏറ്റവും വലിയ മതമെന്ന സ്ഥാനം ക്രിസ്തുമതത്തിന് നഷ്ടമാകുമെന്നും ഇസ്ലാം ഒന്നാമതെത്തുമെന്നും പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനം. 2035 ഓടെ മുസ്ലിം ജനസംഖ്യ ക്രിസ്ത്യാനികളുടേതിനെ മറികടക്കുമെന്നാണ് 2020 മുതൽ 2070 വരെയുള്ള ജനസംഖ്യാ വളർച്ചാ പ്രവചനങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനം വ്യക്തമാക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ മതവിഭാഗം ക്രിസ്ത്യാനികളും രണ്ടാമത്തേത് മുസ്ലിംകളുമാണ്.
വളർച്ചാ നിരക്ക് കൂടുതൽ ഇസ്ലാം മതത്തിൽ
പഠനമനുസരിച്ച് 2070 -ൽ ലോകത്ത് 360 കോടിയിലധികം മുസ്ലിംകളുണ്ടാകും. ക്രിസ്ത്യൻ ജനസംഖ്യ 300 കോടിയിൽ താഴെയായിരിക്കും. ആഗോള ജനസംഖ്യയിൽ മുസ്ലിംകളുടെ വിഹിതം 2020 -ലെ 26 ശതമാനത്തിൽനിന്ന് 36 ശതമാനമായി ഉയരും. ക്രിസ്ത്യാനികളുടെ വിഹിതം ഏകദേശം 29 ശതമാനമായി തുടരും. 2020 -നെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യയിൽ 80 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ ജനസംഖ്യയിൽ 30 ശതമാനം വർധനയുണ്ടാകും. അതായത്, ക്രിസ്ത്യൻ ജനസംഖ്യയിൽ വർദ്ധന രേഖപ്പെടുത്തുന്നുണ്ടെങ്കിലും മുസ്ലിം ജനസംഖ്യ താരതമ്യേന വേഗത്തിലാണ് വളരുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ഈ കണക്കിനെ അടിസ്ഥാനമാക്കിയാണ് 2030 ഓടെ ലോകത്ത് മുസ്ലീം ജനസംഖ്യയിൽ വർദ്ധനവുണ്ടാകുമെന്ന് പഠനം അവകാശപ്പെടുന്നത്. ജൂതമതം 20 ശതമാനവും ഹിന്ദുക്കൾ 17 ശതമാനവും മറ്റ് വിശ്വാസധാരകൾ 9 ശതമാനവും വർദ്ധനവ് ഉണ്ടാക്കുമ്പോൾ അവിശ്വാസികളുടെ എണ്ണത്തിൽ 10 ശതമാനം കുറവും ബുദ്ധമതത്തിൽ 23 ശതമാനം ഇടിവും സംഭവിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിൽ 2070 ഓടെ യുഎസിൽ ഇപ്പോൾ 64 ശതമാനവുള്ള ക്രിസ്തുമതം 47. 8 ശതമാനമായി താഴുമ്പോൾ ഇസ്ലാം മതം 29.7 ശതമാനത്തിൽ നിന്നും ഏതാണ്ട് ഇരട്ടിയായി 41.3 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഉയർന്ന ജനനനിരക്കും കുറഞ്ഞ പ്രായവും
മുസ്ലിം സ്ത്രീകളുടെ ഉയർന്ന ജനനനിരക്കും താരതമ്യേന കുറഞ്ഞ ശരാശരി പ്രായവുമാണ് വളർച്ചയുടെ പ്രധാന കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നത്. 2020 – 25 കാലയളവിൽ മുസ്ലിം സ്ത്രീകളുടെ ശരാശരി ജനനനിരക്ക് 3.1 കുട്ടികളാണ്. അതേ സമയം മറ്റു മതവിഭാഗങ്ങളിലെ സ്ത്രീകളുടേത് രണ്ടാണ്. 2020 -ൽ മുസ്ലിംകളുടെ ശരാശരി പ്രായം 24 വയസ്സായിരുന്നപ്പോൾ മുസ്ലിംകളല്ലാത്തവരുടേത് 33 ആയിരുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മറ്റ് മതങ്ങൾ
ഹിന്ദുക്കളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെങ്കിലും ആഗോള ജനസംഖ്യയിലെ വിഹിതം കുറയും. ബുദ്ധമത, ജൂതമത വിശ്വാസികളുടെ എണ്ണവും വിഹിതവും താഴുമെന്നും പഠനം പറയുന്നു. മതബന്ധമില്ലാത്തവരുടെ വിഹിതം 24 -ൽ നിന്ന് 17 ശതമാനമായി കുറയുമെന്നും പ്രവചിക്കുന്നു. സബ് സഹാറൻ ആഫ്രിക്കയിലെ ജനസംഖ്യാവളർച്ചയും മതപരിവർത്തനവും കുടിയേറ്റവും ഈ മാറ്റങ്ങളെ സ്വാധീനിക്കും. 201 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണിത്. അതേസമയം ഇങ്ങനെ തന്നെ സംഭവിക്കണമെന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.
















