കൊവിഡ് 19 സംബന്ധിയായ ലക്ഷണങ്ങളുമായി യൂറോപ്പില്‍ നിരവധിപ്പേര്‍ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്ന സാഹചര്യമാണ്. ഇത് അമേരിക്കക്കാര്‍ ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും ബൈഡന്‍

കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ബിവലന്‍റ് ബൂസ്റ്റര്‍ ഡോസാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. കൂടുതല്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുന്നോട്ടു വരാനുള്ള ക്യാംപെയിനിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്. ചൊവ്വാഴ്ചയാണ് ജോ ബൈഡന്‍ കൊവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. എല്ലാവരും വാക്സിനെടുക്കുന്നതായി കാണുന്നില്ല. നമ്മുക്ക് ഈ സ്ഥിതി മാറ്റണം. എങ്കിലേ എല്ലാവര്‍ക്കും സുരക്ഷിതമായൊരു അവധിക്കാലം ആസ്വദിക്കാനാവൂയെന്നാണ് ബൈഡന്‍ വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ പ്രതികരിച്ചത്.

കൊവിഡ് 19 സംബന്ധിയായ ലക്ഷണങ്ങളുമായി യൂറോപ്പില്‍ നിരവധിപ്പേര്‍ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്ന സാഹചര്യമാണ്. ഇത് അമേരിക്കക്കാര്‍ ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും ബൈഡന്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടവരായ 200 മില്യണ്‍ ആളുകളില്‍ വെറും 19.4 മില്യണ്‍ മാത്രമാണ് ഇതിനോടകം ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. കൊവിഡിന്‍റെ ഒറിജനല്‍ വകഭേദത്തെയും ഒമിക്രോണിനെയും തടയാന്‍ ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വ്യാപകമായി നടപ്പിലാക്കുന്നത്.

മഞ്ഞ് കാലം ആവുന്നതിന് മുന്‍പ് നിരവധിപ്പേര്‍ ബൂസ്റ്റര്‍ സ്വീകരിക്കാനെത്തുമെന്നാണ് വൈറ്റ് ഹൌസ് അധികൃതര്‍ വിലയിരുത്തുന്നത്. കൊവിഡ് ഫണ്ടുകളുടെ അഭാവം ബൂസ്റ്റര്‍ ഡോസുകളുടെ പ്രചാരണത്തിന് തടസം നില്‍ക്കുന്നതായാണ് നേരത്തെ ഉയര്ന്ന ആരോപണം. ഇതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് ബൈഡന്‍ കോണ്ഗ്രസില്‍ ആവശ്യപ്പെട്ടിരുന്നു.

കൊവിഡിനെ പിന്നിലാക്കണമെങ്കില്‍ ഒന്നിച്ചുള്ള പോരാട്ടം ശക്തമാക്കണമെന്നാണ് ബൈഡന്‍ വിശദമാക്കുന്നത്. ആദ്യഘട്ട വാക്സിന്‍ വിതരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ വേഗത്തിലാണ് ബൂസ്റ്റ്ര്‍ ഡോസുകള്‍ ആളുകള്‍ സ്വീകരിക്കുന്നത്. ജൂലൈ മാസത്തില്‍ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാം തവണയാണ് ബൈഡന്‍ കൊവിഡ് ബാധിതനാവുന്നത്. 79കാരനായ ബൈഡന് തുടർച്ചയായ നാല് ടെസ്റ്റുകളിൽ നെഗറ്റീവായതിന് ശേഷമാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.