Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ് ചൈനീസ് ലാബില്‍നിന്ന് ചോര്‍ന്നതോ; ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ബൈഡന്‍

കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍നിന്നാണോ? കൊവിഡ് 19 രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ ഉയര്‍ന്നുകേട്ട ഈ ആരോപണത്തിന് ഒരു സംശയവുമില്ലാത്ത മറുപടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
 

Joe Biden orders new report on covid 19 origin within three months
Author
New York, First Published May 27, 2021, 2:45 PM IST

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍നിന്നാണോ? കൊവിഡ് 19 രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ ഉയര്‍ന്നുകേട്ട ഈ ആരോപണത്തിന് ഒരു സംശയവുമില്ലാത്ത മറുപടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വൈറസ് ലാബില്‍നിന്നു ചോര്‍ന്നതാണോ മൃഗങ്ങളില്‍നിന്ന് പരന്നതാണോ എന്ന കാര്യം അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് അദ്ദേഹം യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 

ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദം കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട്  ചെയ്യുന്നത്. അതിനു ശേഷം, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി പ്രമുഖര്‍ രോഗത്തിന്റെ ഉറവിടം ചൈനീസ് ലാബുകള്‍ ആണെന്ന് ആരോപിച്ചിരുന്നു. ചൈനീസ് ലാബുകളില്‍നിന്നും അബദ്ധത്തില്‍ പുറത്തുവന്നതാണ് കൊവിഡ് 19 -നു കാരണമായ വൈറസ് എന്നായിരുന്നു ആരോപണം. എന്നാല്‍, തുടക്കം മുതല്‍ ചൈന ഇക്കാര്യം നിഷേധിച്ചു. ട്രംപിന്റെ ആരോഗ്യ ഉപദേശകനായ  ആന്റണി ഫുകിയും ഈ സാദ്ധ്യത അന്ന് തള്ളിക്കളഞ്ഞിരുന്നു. പിന്നീട്, ലോകാരോഗ്യ സംഘടന ഈ ആരോപണത്തെ തള്ളിക്കളഞ്ഞ് രംഗത്തുവരികയും ട്രംപ് സംഘടനയ്ക്കുള്ള ധനസഹായം വെട്ടിക്കുറക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ഈ ആരോപണം അന്വേഷിക്കാനുള്ള ബൈഡന്റെ തീരുമാനം. 

ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു തന്നെ രണ്ടഭിപ്രായമുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം വേണമെന്നാണ് ബൈഡന്‍ ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പ് വിശദമാക്കുന്നു. 

അതിനിടെ, ഈ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് അമേരിക്കയിലെ ചൈനീസ് എംബസി രംഗത്തുവന്നു. ലാബ് ചോര്‍ച്ചയെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തവും കുറ്റപ്പെടുത്തലുകളും തിരിച്ചവരുന്നത് രാഷ്ട്രീയക്കളിയാണ് എന്നാണ് ചൈനീസ് എംബസി വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തിയത്. 

റിപ്പോര്‍ട്ട് എന്തു തന്നെയായാലും ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഈ സംഭവം ഉലച്ചിലുണ്ടാക്കുമെന്നാണ് നിഗമനം. 

2019-ല്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇതിനകം ലോകമാകെ 16.8 കോടി പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. എഇതിനകം 35 ലക്ഷം പേര്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios