Asianet News MalayalamAsianet News Malayalam

പോളണ്ടിലെ മിസൈലാക്രണത്തിൽ വമ്പൻ ട്വിസ്റ്റ്! റഷ്യക്ക് ബൈഡന്‍റെ ക്ലീൻ ചിറ്റ്; യുക്രൈനോ കുറ്റവാളി? ഇനിയെന്ത്?

മിസൈൽ റഷ്യൻ നിര്‍മിതമെന്ന് പോളണ്ട് വ്യക്തമാക്കിയപ്പോൾ ആണ് ബൈഡൻ നിലപാട് അറിയിച്ചത്

joe biden response on poland missile attack
Author
First Published Nov 16, 2022, 8:10 PM IST

വാഴ്സോ: പോളണ്ട് അതിർത്തിയിലെ മിസൈലാക്രമണത്തെ ചൊല്ലിയുള്ള തർക്കത്തിൽ റഷ്യക്ക് അനുകൂല നിലപാടുമായി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത്. മിസൈൽ വിക്ഷേപിച്ചത് റഷ്യയാകാനിടയില്ല എന്നാണ് ബൈഡൻ അഭിപ്രായപ്പെട്ടത്. മിസൈൽ റഷ്യൻ നിര്‍മിതമെന്ന് പോളണ്ട് വ്യക്തമാക്കിയപ്പോൾ ആണ് ബൈഡൻ നിലപാട് അറിയിച്ചത്. റഷ്യയുടെ മിസൈൽ ആയിരിക്കുമെങ്കിലും വിക്ഷേപിച്ചത് റഷ്യയല്ലെന്നാണ് നാറ്റോയെ യു എസ് പ്രസിഡന്‍റ് അറിയിച്ചത്. മിസൈലിന്റെ സഞ്ചാരപഥം വച്ചാണ് യു എസ് പ്രസിഡന്‍റ് നിർണായകമായ നിഗമനമത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.

സ്‌ഫോടനത്തിനു പിന്നിൽ യുക്രൈന്‍റെ വ്യോമ പ്രതിരോധ സംവിധാനമാകാം എന്ന സൂചനയും അമേരിക്ക നാറ്റോയോട് പങ്കുവച്ചെന്നാണ് റിപ്പോര്‍ട്ട്. നാറ്റോ അംഗരാജ്യമാണ് പോളണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ സായുധ ആക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കണമെന്നതാണ് നാറ്റോയിലെ ധാരണ. എന്നാൽ റഷ്യയുടെ ആക്രമണമല്ലെന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ നിലപാട് വന്നതോടെ നാറ്റോയുടെ തീരുമാനവും അതിനനുസരിച്ചാകും. സംഭവത്തിൽ പോളിഷ് ഗവണ്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോളണ്ടിന്‍റെ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം ഉണ്ടാകുക.

അതേസമയം പോളണ്ടിലെ മിസൈലാക്രമണത്തിന് പിന്നിൽ യുക്രൈന്‍റെ കുടില ബുദ്ധിയാണെന്നാണ് റഷ്യയുടെ പക്ഷം. മിസൈലാക്രമണത്തിന് പിന്നിൽ യുക്രൈന്‍റെ വ്യോമപ്രതിരോധ സംവിധാനം എന്നും റഷ്യ ആരോപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളാക്കാനുള്ള യുക്രൈന്‍റെ ബോധപൂർവമുള്ള പ്രകോപനമെന്നും റഷ്യ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിഴക്കൻ പോളണ്ടിലെ യുക്രൈൻ അതിർത്തിയിൽ നിന്ന് പതിനഞ്ചു കിലോമീറ്റനുള്ളിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ രണ്ടു പോളണ്ടുകാര്‍ മരണപ്പെട്ടിരുന്നു.

'ഇത് ശരിയല്ല': കനേഡിയന്‍ പ്രധാനമന്ത്രിയോട് ചൂടായി ചൈനീസ് പ്രസിഡന്‍റ്; വീഡിയോ വൈറലാകുന്നു

അതേസമയം പോളണ്ടിലെ അതിർത്തിയിൽ മിസൈൽ പതിച്ച് സ്ഫോടനമുണ്ടായ സാഹചര്യം ജി 20 ഉച്ചകോടിയിലും വലിയ ചർച്ചയായി. ബാലിയിൽ ജി20 ഉച്ചകോടിക്കിടെ ലോക രാഷ്ട്രത്തലവന്മാർ അടിയന്തര യോഗം ചേർന്നാണ് വിഷയം ചർച്ച ചെയ്തത്. മിസൈൽ വിട്ടത് റഷ്യയാണോ എന്ന കാര്യത്തിലെ അവ്യക്തത അടക്കം യോഗത്തിൽ ചർച്ചയായിരുന്നു. സംഭവത്തിൽ പോളിഷ് ഭരണകൂടത്തിന്‍റെ അന്വേഷണത്തിൽ തന്നെയാണ് ജി 20 യോഗത്തിന്‍റെയും പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios