വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി ജോസഫ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനാധിപത്യം തിരികെ വന്ന ദിവസമാണിതെന്നും, തീവ്രവാദത്തെയും വംശീയതയെയും, അക്രമത്തെയും കൊവിഡെന്ന മഹാമാരിയെയും ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് തോൽപ്പിക്കുമെന്നും ജോ ബൈഡൻ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ ആദ്യപ്രസംഗത്തിൽ പറഞ്ഞു. ഐക്യം അഥവാ unity എന്ന വാക്കാണ് ഏറ്റവും കൂടുതൽ തവണ ജോ ബൈഡൻ ആവർത്തിച്ച് തന്‍റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ വാക്ക്. പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്ത ശേഷം തനിക്ക് ആദ്യമായി രാജ്യത്തോട് ആവശ്യപ്പെടാനുള്ളത് കൊവിഡിൽ ജീവൻ പൊലിഞ്ഞ നാല് ലക്ഷത്തോളം അമേരിക്കൻ പൗരൻമാർക്കായി ഒരു നിമിഷം മൗനമാചരിക്കുക എന്നതാകും എന്നും ബൈഡൻ പറഞ്ഞു. വലിയ പ്രസംഗപാടവമില്ലെങ്കിലും വളരെ ലളിതമായ, പക്ഷേ ആഴമേറിയ വാക്കുകളിൽ ബൈഡൻ തന്‍റെ നയങ്ങളും മുന്നോട്ടുള്ള വഴികളും പറഞ്ഞത് ലോകം മുഴുവൻ കേട്ടിരുന്നു.

കനത്ത സുരക്ഷയിലാണ് ക്യാപിറ്റോൾ ഹില്ലിൽ സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് പോലും അക്രമത്തിന് സാധ്യതയെന്ന ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയായിരുന്നു. എണ്ണാവുന്ന ആളുകൾ മാത്രമേ ചടങ്ങിനെത്തിയിരുന്നു. അതും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രം. പക്ഷേ, ചടങ്ങുകൾക്ക് ഗരിമ ഒട്ടും കുറഞ്ഞില്ല. ബൈഡനെ ഭാര്യയും പ്രഥമവനിതയുമായ ജിൽ ബൈഡനും അനുഗമിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ജോൺ ജി റോബർട്ട്സ് ജൂനിയറാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്. 

ഡോണൾഡ് ട്രംപിന്‍റെ വൈസ് പ്രസിഡന്‍റായിരുന്ന മൈക്ക് പെൻസിന്‍റെ അടക്കം പേരെടുത്ത് പറഞ്ഞാണ് ബൈഡൻ സംസാരിച്ചതെന്നത് ശ്രദ്ധേയമായി. ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാതെ നേരത്തേ ഫ്ലോറിഡയിലേക്ക് പറന്നിരുന്നു. 

ഇത് ജനാധിപത്യത്തിന്‍റെ ദിവസമാണെന്നാണ് ജോ ബൈഡൻ തന്‍റെ ആദ്യപ്രസംഗത്തിൽ. അമേരിക്ക പരീക്ഷിക്കപ്പെട്ട കാലത്തിന് ശേഷം നടക്കുന്ന ജനാധിപത്യത്തിന്‍റെ ആഘോഷമാണ്. ഒരു സ്ഥാനാർത്ഥി ജയിച്ചതിന്‍റെ ആഘോഷം മാത്രമല്ല ഇത്. ഇവിടെ ജയിച്ചത് ജനാധിപത്യമാണ്. 

കുറച്ച് ദിവസം മുൻപ് ഇവിടെ അക്രമം നടമാടിയപ്പോൾ നമ്മളൊരു ജനതയായി ഒറ്റക്കെട്ടായി നിന്നു. നമ്മൾ പ്രത്യാശ കൈവിട്ടില്ല. ഒരു രാജ്യമായി തുടരുമെന്ന പ്രതീക്ഷ കൈവിട്ടില്ല. നമ്മുടെ ഭരണഘടനയിലുള്ള വിശ്വാസം കൈവിട്ടില്ല

യുദ്ധവും സമാധാനവും കടന്നുവന്നവരാണ് നമ്മൾ. നമുക്കൊരുപാട് കാര്യങ്ങൾ പുനർനിർമിക്കാനുണ്ട്. തിരുത്താനുണ്ട്. നേരെയാക്കാനുണ്ട്. പക്ഷേ ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം, നീതിക്ക് വേണ്ടിയുള്ള നിലവിളി ഇനിയും നീളില്ല. തീവ്രവാദം, വംശീയത എന്നിവയയെല്ലാം നമ്മൾ നേരിടും, പോരാടും, തോൽപിക്കും. 

''ഐക്യം, ഐക്യം, ഇതല്ലാതെ, നമ്മുടെ വെല്ലുവിളികളെ നേരിടാൻ നമുക്ക് മറ്റൊരുവഴിയില്ല. 1863 ജനുവരിയിൽ അബ്രഹാം ലിങ്കൺ സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പുവയ്ക്കുമ്പോൾ എന്‍റെ പേര് ചരിത്രത്തിലേക്ക് എന്നെങ്കിലും രേഖപ്പെടുത്തിയാൽ അത് ഇതുകൊണ്ട് മാത്രമാകണം എന്ന് പറഞ്ഞിരുന്നു. ഇന്ന് ഞാൻ പറയുന്നു. ചരിത്രത്തിന്‍റെ ഈ നിർണായകസന്ധിയിൽ എന്തെങ്കിലും കാരണവശാൽ എന്‍റെ പേര് ചരിത്രത്തിൽ എഴുതപ്പെടണമെങ്കിൽ അത് ഈ കാരണം കൊണ്ടാകണം. ഐക്യത്തോടെ നമ്മൾ മുന്നോട്ട് പോകണം. ഞാൻ എന്നെ എതിർക്കുന്നവരുടെയും പ്രസിഡന്‍റായിരിക്കും. കാരണം അതാണ് അമേരിക്ക. യുദ്ധം, മഹാമാരികൾ, കലാപം ഇതിനെയെല്ലാം കടന്നു വന്ന് അതിജീവിച്ച രാജ്യമാണ് അമേരിക്ക. എന്നാൽ ഇവയെല്ലാം ഒന്നിച്ച് വന്ന കാലമില്ല. അതിനെ അതിജീവിക്കാൻ ഒന്നിച്ച് നിന്നേ പറ്റൂ. 

108 വ‌ർഷം മുമ്പ് വോട്ട് ചെയ്യാനുള്ള അവകാശം തേടി ഈ ക്യാപിറ്റോൾ ഹില്ലിലേക്ക് മാർച്ച് ചെയ്ത ഒരു കൂട്ടം ധീരവനിതകളെ തടഞ്ഞ ഒരു സംഘം കലാപകാരികളുണ്ട്. അതേയിടത്താണ് നമ്മളിപ്പോൾ നിൽക്കുന്നത്. ആദ്യമായി ഒരു വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് ഒരു വനിത അധികാരമേറ്റ ചരിത്ര മുഹൂർത്തത്തിൽ. അതിനാൽ ഒന്നും മാറില്ല എന്ന് നിങ്ങളെന്നോട് പറയരുത്

ഇത് നമ്മുടെ ചരിത്ര നിമിഷമാണ്. ഇതിനെ നമ്മൾ മറികടക്കുന്നത് ഒരു പുതിയ അധ്യായമെഴുതിക്കൊണ്ടായിരിക്കും. America America I gave my best to you എന്ന ആ ഗാഥ നമ്മുടെ കുട്ടികൾ ഏറ്റുപാടും. അതിന് നമ്മളൊന്നിച്ച് നിൽക്കണം. അതൊരു പുതിയ, മഹത്തായ അമേരിക്കൻ കഥയായിരിക്കും. പ്രതീക്ഷയുടെ കഥ, ഭയത്തിന്‍റേതല്ല. ഐക്യത്തിന്‍റെ കഥ, വംശീയതയുടേതല്ല'', എന്ന് ജോ ബൈഡൻ.