ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുൻപായി 94 ഇന്ത്യൻ നാവികരുമായി മൂന്ന് കൂറ്റൻ എണ്ണക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോയി. 860,000 ടണ്ണിലധികം അസംസ്കൃത എണ്ണയുമായി 'ദേശ് വൈഭവ്', 'ദേശ് വിഭോർ', 'സൻമാർ ഹെറാൾഡ്' എന്നീ കപ്പലുകൾ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.

ന്യൂഡൽഹി: ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിലും അമേരിക്കയുടെ നയതന്ത്ര വഞ്ചനയിലും പ്രതിഷേധിച്ച് ഇറാൻ സൈന്യം ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുൻപ്, 94 ഇന്ത്യൻ നാവികരുമായി മൂന്ന് കൂറ്റൻ ഇന്ത്യൻ അസംസ്കൃത എണ്ണക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോയി. ശനിയാഴ്ച പകൽ സമയത്താണ് നാടകീയമായ ഈ നീക്കം നടന്നത്. കപ്പലുകൾ നിലവിൽ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്ലൂംബെർഗ് പുറത്തുവിട്ട കപ്പൽ ട്രാക്കിങ് വിവരങ്ങൾ പ്രകാരം 'ദേശ് വിഭോർ' എന്ന കപ്പൽ കടലിടുക്കിലൂടെ നീങ്ങുന്നതിനിടെ യുഎസ് സൈന്യത്തിന്‍റെ നിർദ്ദേശപ്രകാരം തെക്കൻ പാതയിലേക്ക് തിരിഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇറാൻ തീരത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. ഒടുവിൽ അതീവ സങ്കീർണ്ണമായ സാഹചര്യങ്ങൾ മറികടന്ന് 'ദേശ് വൈഭവ്', 'ദേശ് വിഭോർ', 'സൻമാർ ഹെറാൾഡ്' എന്നീ മൂന്ന് ഇന്ത്യൻ ടാങ്കറുകളും അന്താരാഷ്ട്ര ജലാതിർത്തിയിൽ പ്രവേശിച്ചു. ഈ കപ്പലുകളിലായി ആകെ 860,000 ടണ്ണിലധികം അസംസ്കൃത എണ്ണയുണ്ടെന്നും ജൂൺ 24 നും ജൂലൈ 1 നും ഇടയിൽ ഇവ ഇന്ത്യയിലെത്തുമെന്നും മന്ത്രി അറിയിച്ചു.

'ദേശ് വൈഭവ്', 'ദേശ് വിഭോർ' എന്നിവ ജൂൺ 24-ന് ഗുജറാത്തിലെ വാഡിനാർ, സിക്ക തുറമുഖങ്ങളിലും, ഏറ്റവും ഒടുവിൽ കടലിടുക്ക് പിന്നിട്ട 'സൻമാർ ഹെറാൾഡ്' ജൂലൈ 1-ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുമെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും നാവികരുടെ സുരക്ഷയ്ക്കും സർക്കാർ അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് സോനോവാൾ കൂട്ടിച്ചേർത്തു. അതേസമയം, പത്ത് ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിന്റെ ഭാഗമായി ഈ ആഴ്ച ആദ്യം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തിരുന്നു. യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാമെന്ന ഇറാന്റെ ഉറപ്പിന്മേൽ അമേരിക്ക ഏർപ്പെടുത്തിയ എണ്ണ വ്യാപാര ഉപരോധം വ്യാഴാഴ്ച പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇസ്രായേൽ ലെബനനിൽ ആക്രമണം തുടരുന്നതും യുഎസ് തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് ആരോപിച്ചാണ് ശനിയാഴ്ച വൈകുന്നേരത്തോടെ ഇറാൻ സംയുക്ത സൈനിക കമാൻഡ് കടലിടുക്ക് വീണ്ടും അടച്ചതായി പ്രഖ്യാപിച്ചത്. ആക്രമണം തുടർന്നാൽ അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുമെന്നും ഇറാൻ ഔദ്യോഗിക ടെലിവിഷനിലൂടെ മുന്നറിയിപ്പ് നൽകി.