ബെല്‍ജിയം മലയാളികളുടെ കൂട്ടായ്മയായ കൈരളി ബെല്‍ജിയം മലയാളി അസോസിയേഷന്‍ പുതുതായി ആരംഭിച്ച ആര്‍ട്ട് സ്റ്റുഡിയോ ഡെപ്യൂട്ടി മേയര്‍ ലാലിന്‍ വദേര  ഉദ്ഘാടനം ചെയ്തു.  

ബെല്‍ജിയം: കഴിഞ്ഞ വർഷങ്ങളിൽ കൊവിഡ് മഹാമാരിയുടെ വരവിനെ തുടര്‍ന്ന് പരിമിതമാക്കപ്പെട്ട ഓണാഘോഷം ഇത്തവണ കെങ്കേമമാക്കി ബെല്‍ജിയം മലയാളികള്‍. കൈരളി ബെൽജിയം മലയാളി അസോസിയേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 17 ന് ലുവന്‍ നഗരത്തില്‍ വച്ച് 700 ല്‍ പരം പേര്‍ പങ്കടുത്ത വര്‍ണാഭമായ ചടങ്ങോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. മറുനാട്ടില്‍ ഒരു ചെറു കേരളത്തിന്‍റെ പ്രതീതി ഉയര്‍ത്താന്‍ ആഘോഷങ്ങള്‍ക്ക് കഴിഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു. 

ബെല്‍ജിയത്തിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ എംബസി പ്രതിനിധി മനോജ് മാധവ് മുഖ്യ സന്ദേശം നല്‍കി. പരിപാടിയില്‍ പങ്കെടുത്ത നഗരത്തിലെ ഡെപ്യൂട്ടി മേയര്‍ ലാലിന്‍ വദേര തന്‍റെ ഇന്ത്യന്‍ വേരുകളെ കുറിച്ചും ഓണം പോലുള്ള ആഘോഷങ്ങളുടെ സാമൂഹിക പ്രസക്തിയെ കുറിച്ചും സംസാരിച്ചു. ബെല്‍ജിയം മലയാളികളുടെ കൂട്ടായ്മയായ കൈരളി ബെല്‍ജിയം മലയാളി അസോസിയേഷന്‍ പുതുതായി ആരംഭിച്ച ആര്‍ട്ട് സ്റ്റുഡിയോ ഡെപ്യൂട്ടി മേയര്‍ ലാലിന്‍ വദേര ഉദ്ഘാടനം ചെയ്തു. 

കുട്ടികൾക്ക് ഇന്ത്യയുടെ കലാസാംസ്കാരിക മേഖലയെ തൊട്ടറിയാനും തങ്ങളുടെ സര്‍ഗ വാസനകളെ വളര്‍ത്തി കൊണ്ടുവരാനുമുള്ള അവസരമൊരുക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് വിവിധ മേഖലകളെ കുറിച്ച് കൂടുതല്‍ ധാരണ ഉണ്ടാക്കുന്നതിനും മറ്റ് പരിശീലനങ്ങള്‍ക്കുമായി രൂപികരിച്ച ആര്‍ട്ട് സ്റ്റുഡിയോയ്ക്ക് വലിയ സ്വീകര്യതയാണ് ലഭിച്ചത്. ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടികളും മുതിര്‍ന്നവരും നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. ചടങ്ങുകളുടെ തുടര്‍ച്ചയായി ഓണ സദ്യയും ഉണ്ടായിരുന്നു. ഓണം ഫണ്‍ ഗെയിംസില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. 

Read More: റഫറണ്ടത്തില്‍ വേട്ട് ചെയ്യിക്കാന്‍ വീട്ടില്‍ കയറി റഷ്യന്‍ സായുധ സൈന്യം