വാഷിം​ഗ്ൺ: കൊവിഡിനെതിരെയുള്ള വാക്സിൻ നവംബറിന് മുമ്പ് ലഭ്യമാകുമെന്ന് വീണ്ടും സൂചന നൽകി ഡൊണാൾഡ് ട്രംപ്. തന്റെ രാഷ്ട്രീയ എതിരാളികൾ വാക്സിനിലെ പൊതുജന വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് വാക്സിൻ പുറത്തിറക്കിയാൽ അതിൻ‌റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് വിശ്വസിക്കാൻ കഴിയില്ലെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പരാമർശം. 

തന്റെ തെര‍ഞ്ഞെടുപ്പ് സാധ്യതകൾക്ക് മങ്ങലേൽപിക്കുന്ന കൊറോണ പകർച്ചവ്യാധിക്കെതിരെ വാക്സിൻ കണ്ടെത്തുന്ന കാര്യത്തിൽ ട്രംപ് ഭരണകൂടം വൻസമ്മർദ്ദമാണ് നേരിടുന്നത്. രാഷ്ട്രീയ ടൈംടേബിളിന് അനുയോജ്യമായ രീതിയിൽ വാക്സിൻ പുറത്തിറക്കാൻ ട്രംപ് ശ്രമിക്കുമോ എന്ന ആശങ്കയും നിനിൽക്കുന്നുണ്ട്. 

പുറത്തിറക്കുന്ന വാക്സിന് സുതാര്യതയും ശാസ്ത്രീയ വസ്തുതകളും വേണമെന്ന് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുരക്ഷിതമായ വാക്സിനാണോ എന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയം തോന്നിയാൽ അത് സ്വീകരിക്കാൻ അവർ വിമുഖത പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ജോ ബൈഡനും കമലാ ഹാരിസും വാകിസിന്‌ വിരുദ്ധ പ്രസ്താവനകൾ നടത്തി ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വാക്സിൻ പുറത്തിറക്കുമെന്നും അത് സുരക്ഷിതവും ഫലപ്രദവുമായിരിക്കുമെന്നും ട്രംപ് ആവർ‌ത്തിച്ചു.