ലണ്ടന്‍: വിഖ്യാത സീരീസ് ആയ ഗെയിം ഓഫ് ത്രോണ്‍സ്, കാമസൂത്ര എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയായ നടി ഇന്ദിര വര്‍മ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഗെയിം ഓഫ് ത്രോണ്‍സിലെ ഇന്ദിരയുടെ സഹതാരം ക്രിസ്റ്റഫര്‍ ഹിവ്ജുവിന് രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇന്ദിര തന്നെയാണ് തന്റെ രോഗബാധയെ കുറിച്ച് വെളിപ്പെടുത്തിയത്.

താന്‍ വിശ്രമത്തിലാണെന്നും ഇത് അത്ര സുഖകരമായ അവസ്ഥയല്ലെന്നും ഇന്ദിര ഇന്‍സ്റ്റയില്‍ കുറിച്ചു. സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കാനും ഒപ്പമുള്ളവരോട് കരുണയുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗെയിം ഓഫ് ത്രോണ്‍സില്‍ എല്ലാറിയ സാന്‍ഡ് എന്ന കഥാപാത്രത്തെയാണ് ഇന്ദിര അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ ആന്റോണ്‍ ചെക്കോവിന്റെ ദി സീഗള്‍ എന്ന തീയറ്റര്‍ ഷോയുടെ റിഹേഴ്‌സല്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്ദിരയ്ക്ക് രോഗം സ്ഥിരീകരിച്ചത്. എമിലിയ ക്ലാര്‍ക്കിന് ഒപ്പമുള്ള ഈ തീയറ്റര്‍ ഷോയും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മീര നായര്‍ സംവിധാനം ചെയ്ത് കാമസൂത്ര സിനിമയിലൂടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിര ശ്രദ്ധിക്കപ്പെടുന്നത്.

നേരത്തെ, കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്സ് ആശുപത്രി വിട്ടിരുന്നു. ഓസ്ട്രേലിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ റിത വില്‍സണ്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.

നിരവധി തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ടോം ഹാങ്ക്സ് തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലിരിക്കെയാണ് ഓസ്ട്രേലിയയില്‍ വച്ച് കൊവിഡ് സ്ഥിരീകരിച്ചത്. ഗായികയും ഗാനരചയിതാവുമായ വില്‍സണ്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് സിഡ്നിയിലും ബ്രിസ്ബേനിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.