Asianet News MalayalamAsianet News Malayalam

ഹൃദയങ്ങളിലേക്കാണ് ആ ഇടനാഴി തുറക്കുന്നത്! ഉറങ്ങാത്ത ലാഹോറിലൂടെ, കർത്താർപൂരിലേക്ക് ഒരു യാത്ര

പഞ്ചാബ് ഗവർണറുടെ വസതി കണ്ട്, ഉറങ്ങാത്ത ലാഹോറിന്‍റെ വെളിച്ചം കണ്ട്, പാക് മാധ്യമപ്രവർത്തകരുമായി അയോധ്യയെക്കുറിച്ച് സംസാരിച്ചും സംവദിച്ചും, സമാധാനത്തിലേക്ക് നീളുന്ന കർത്താർപൂർ ഇടനാഴിയിലേക്ക് ഒരു യാത്ര. ചരിത്രമായ കർത്താർപൂർ ഇടനാഴി ഉദ്ഘാടനം നേരിൽ കണ്ട് റിപ്പോർട്ട് ചെയ്ത ഏക മലയാള മാധ്യമമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. ഞങ്ങളുടെ റീജ്യണൽ എഡിറ്റർ പ്രശാന്ത് രഘുവംശം ലാഹോറിൽ നിന്ന് എഴുതുന്ന കുറിപ്പുകളുടെ രണ്ടാം ഭാഗമാണിത്. 

kartarpur corridor opening asianet news regional editor prasanth reghuvamsom reports from ground
Author
Lahore, First Published Nov 10, 2019, 11:57 AM IST

കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യൻ മാധ്യമ സംഘത്തെ വെള്ളിയാഴ്ച വൈകിട്ട് പഞ്ചാബിലെ ഗവർണർ കണ്ടു. ലാഹോറിലെ ഗവർണർ ഹൗസ് ഈ നഗരത്തിന്‍റെ പ്രൗഢ ചരിത്രത്തിന്‍റെ തെളിവാണ്.

കൊളോണിയൽ കാലത്ത് ലാഹോർ ഇന്ത്യയുടെ പ്രധാനപ്പെട്ട രണ്ടോ മൂന്നോ പട്ടണങ്ങളിൽ ഒന്നായിരുന്നു. ഒരുപക്ഷെ ബോംബെയെ പോലെ തന്നെ വലിയ പട്ടണം. വിശാലമായ പടി കയറി മുകളിലെത്തണം. അവിടെ മുഹമ്മദലി ജിന്നയുടെ വലിയ ചിത്രമുള്ള നീണ്ട സ്വീകരണമുറിയിലായിരുന്നു കൂടിക്കാഴ്ച.

kartarpur corridor opening asianet news regional editor prasanth reghuvamsom reports from ground

പഞ്ചാബിലെ ഗവർണർ ഹൗസ് - ചിത്രം: Prasanth Reghuvamsom

നല്ല വാക്കുകൾ പറഞ്ഞ് ഗവർണർ മൊഹമ്മദ് സർവർ തുടങ്ങി. പാത സമാധാനത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകരെയെല്ലാം പരിചയപ്പെട്ടു.

ആ സമയത്താണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ വരവ്. ഖുറേഷിയുടെ സംസാരം അന്തരീക്ഷം മാറ്റി. കശ്മീരിനെക്കുറിച്ചായി ഖുറേഷിയുടെ പ്രധാന ചർച്ച. ഇടയ്ക്ക് ഗവർണർ ഇടപെട്ട് വിഷയം മാറ്റാൻ നോക്കിയെങ്കിലും ഖുറേഷി പറഞ്ഞത് തുടർന്നു. മാധ്യമപ്രവർത്തകർ ഖുറേഷിയുടെ വാക്കുകൾ ഖണ്ഡിക്കാൻ തുടങ്ങിയതോടെ വാർത്താസമ്മേളനം അവസാനിപ്പിച്ചു.

കർത്താർപൂരിലേക്ക് യാത്ര

ശനിയാഴ്ച രാവിലെ പത്തിന് കർത്താർപൂരിലേക്ക് തിരിച്ചു. ഇന്ത്യയിൽ പ്രധാനപ്പെട്ട ദിനം. അയോധ്യ വിധി എന്തെന്ന ആകാംക്ഷ എല്ലാവർക്കും. അയോധ്യ വിധി കൂടി വരുന്ന ദിനം ആയതുകൊണ്ടാകണം തലേദിവസത്തെക്കാൾ സുരക്ഷാസന്നാഹമാണ് മാധ്യമസംഘത്തിന് ഏർപ്പെടുത്തിയത്.

പാകിസ്ഥാൻ റേ‍ഞ്ചേഴ്‍സിന്‍റെ മൂന്ന് നാല് വാഹനങ്ങൾ മുന്നിൽ. മാധ്യമപ്രവർത്തകർക്കുള്ള ബസ്സിനുള്ളിലും കമാൻഡോകളെ നിയോഗിച്ചു. വഴിയിലെല്ലാം സുരക്ഷാഭടൻമാരുണ്ട്. പ്രധാന കവലകളിൽ ഗതാഗതം നിയന്ത്രിച്ച് ഞങ്ങളുടെ വാഹനവ്യൂഹം കടത്തിവിടുന്നു.

kartarpur corridor opening asianet news regional editor prasanth reghuvamsom reports from ground

കർത്താർപൂരിലേക്ക് പോയ മാധ്യമസംഘത്തിൽ ഏഷ്യാനെറ്റ് ന്യൂസും

ലാഹോർ മനോഹരമായ പട്ടണമാണ്. ലാഹോർ വിട്ട് ഗ്രാമങ്ങളിലേക്കെത്തുമ്പോൾ പല ഇന്ത്യൻ റോഡുകളിലൂടെയും സഞ്ചരിക്കുമ്പോഴത്തെ കാഴ്ചകൾ തന്നെ. ചെറിയ കടകൾ, ബാർബർ ഷോപ്പുകൾ, വയലുകൾ. ഒരു വ്യത്യാസവും തോന്നുന്നില്ല. കർതാർപൂരിലേക്ക് ലാഹോറിൽ നിന്ന് രണ്ട് മണിക്കൂർ യാത്രയുണ്ട്. വഴിയിൽ ജില്ലാകേന്ദ്രമായ നരോവൽ ആണ് ഒരു പ്രധാന പട്ടണം.

അണിഞ്ഞൊരുങ്ങി ഗുരുദ്വാര

കർത്താർപൂർ ഗുരുദ്വാരയിൽ എത്തിയപ്പോൾ ഉച്ചയായി. ഇന്ത്യയുടെ ഭാഗത്തെ ഉദ്ഘാടനം ഉച്ചയോടെ പൂ‍ർത്തിയായി. പ്രധാന നേതാക്കൾ ഉൾപ്പെടുന്ന ആദ്യ തീർത്ഥാടക സംഘം കർത്താർപൂരിലേക്ക് തിരിച്ചു. നാൽപത്തിയഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്താണ് കർത്താർപൂർ ഗുരുദ്വാരയും ചുറ്റുമുള്ള സ്ഥലങ്ങളും വികസിപ്പിക്കുന്നത്.

kartarpur corridor opening asianet news regional editor prasanth reghuvamsom reports from ground

പണി പൂർത്തിയാക്കി മനോഹരമാക്കിയിരിക്കുന്ന ഗുരുദ്വാര. ഒരു വശത്ത് പ്രധാന ചടങ്ങിനുള്ള സ്റ്റേജ്. അവിടെ കടുത്ത ചൂടിലും നൂറുകണക്കിന് സിഖ് തീർത്ഥാടകരുണ്ട്. ഒപ്പം സമീപത്തുള്ള ക്ഷണിക്കപ്പെട്ട പാകിസ്ഥാനികളും. സിഖ് തീർത്ഥാടകരിൽ അധികവും മറ്റു രാജ്യങ്ങളുടെ പൗരത്വം ഉള്ളവർ. കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഇടനാഴി തുറക്കുന്നതിൽ വിവരിക്കാനാവാത്ത സന്തോഷം.

കയ്യടി നേടിയത് സിദ്ദു!

രണ്ടു മണിയോടെ മൻമോഹൻസിംഗ് ഉൾപ്പടെയുള്ള നേതാക്കൾ എത്തി. എല്ലാവരും ഗുരുദ്വാരയിൽ പ്രാർത്ഥിച്ചു. പിന്നീട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയിൽ നിന്നുള്ള അതിഥികളെ കണ്ടു. മാധ്യമപ്രവർത്തരുമായുള്ള സംസാരം ഇമ്രാൻ ഒഴിവാക്കി. ഉത്ഘാടന വേദിയിൽ താരമായത് നവജ്യോത് സിംഗ് സിദ്ദുവാണ്. ഇമ്രാനെ പുകഴ്ത്തിയുള്ള വാക്കുകൾ. ഇടനാഴി തുറന്നതിന് മോദിക്കൊരു ആലിംഗനം കർത്താർപൂരിൽ നിന്ന് അയക്കുന്നു എന്നും പരാമർശം. 

ഇനി നിയന്ത്രണരേഖയും രണ്ടു രാജ്യങ്ങളും തുറന്നാൽ നൂറ് ആലിംഗനം നല്കാൻ തയ്യാറെന്നും സിദ്ദു. പ്രസംഗത്തിന് വലിയ കൈയ്യടി. ഒടുവിൽ സംഘാടകർ വന്നു സമയം തീർന്നു എന്നറിയിച്ചപ്പോഴാണ് സിദ്ദു മടങ്ങിയത്. പിന്നീട് കശ്മീർ വിടാതെയുള്ള ഇമ്രാന്‍റെ പ്രസംഗം

അയോധ്യയിൽ കണ്ണുനട്ട്..

അയോധ്യവിധിയോടെ കർതാർപൂർ ഉത്ഘാടനത്തിന് കിട്ടുമായിരുന്ന ശ്രദ്ധ കുറഞ്ഞു. അയോധ്യയിൽ എന്തു വിധി പ്രതീക്ഷിക്കുന്നു എന്ന് ഒപ്പമുള്ള പാകിസ്ഥാനി മാധ്യമപ്രവർത്തകർ രാവിലെ മുതൽ ചോദിക്കുന്നുണ്ടായിരുന്നു. ബാബ്റി മസ്ജിദ് വിഷയം പാകിസ്ഥാൻ ഏറെ താല്പര്യത്തോടെ പിന്തുടരുന്നു എന്ന് പലരുടെയും പ്രതികരണത്തിൽ നിന്ന് വ്യക്തമായി.

kartarpur corridor opening asianet news regional editor prasanth reghuvamsom reports from ground

ഗുരുദ്വാര ഉദ്ഘാടനത്തിന് ഒരുങ്ങിയ സ്റ്റേജിന്‍റെ ഒരു വശം: ചിത്രം: Prasanth Reghuvamsom

കർതാർപൂർ ഇടനാഴിയിലൂടെ വന്ന ഇന്ത്യൻ തീർത്ഥാടകസംഘത്തിലുള്ളവരും അയോധ്യ പരസ്പരം സംസാരിച്ച് സാഹചര്യം വിലയിരുത്തി. പാകിസ്ഥാൻ വിധിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിന്നീട് ഇന്ത്യ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ജുഡീഷ്യൽ സംവിധാനത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ പാകിസ്ഥാൻ നടത്തുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പിന്നീട് പറഞ്ഞു.

ഉറങ്ങാത്ത വെളിച്ചവുമായി ലാഹോർ!

കർതാർപൂരിൽ നിന്ന് രാത്രി എട്ടു മണിയോടെ തിരിച്ച് ലാഹോറിൽ. സുരക്ഷകാരണം പുറത്തിറങ്ങാൻ വഴിയില്ല. മാധ്യമപ്രവർത്തരുടെ ആവശ്യത്തിന് വഴങ്ങി ഏതെങ്കിലും മാർക്കറ്റിലേക്ക് കൊണ്ടു പോകാൻ വിദേശകാര്യ ഉദ്യോഗസ്ഥർ തയ്യാറായി.

ലാഹോർ ഉറക്കമില്ലാത്ത നഗരമാണ്. രാത്രിയിൽ ലാഹോറിന് ഭംഗി കൂടുതലാണ്. നബിദിനത്തിനായി ലാഹോർ ഒരുങ്ങി നിൽക്കുന്നു. എങ്ങും അലങ്കാരവിളക്കുകൾ. പേജസ് മാൾ എന്ന വലിയ ഷോപ്പിംഗ് കേന്ദ്രത്തിലേക്കാണ് മാധ്യമപ്രവർത്തകരെ കൊണ്ടു പോയത്. ദുബായിലേതിനൊക്കെ സമാനമായ വലിയ മാൾ. രാത്രി പതിനൊന്നു മണിക്കും വലിയ തിരക്ക്.

ലാഹോർ എല്ലാ ദിവസവും ഇങ്ങനെയാണത്രേ. ബ്രേക്ക്ഫാസ്റ്റ് കഴിച്ചാണ് ലാഹോർ ഉറങ്ങുന്നതെന്ന് പഞ്ചാബ് നന്നായി അറിയാവുന്ന മാധ്യമപ്രവർത്തകൻ കട്ട്യാൽ വിശദീകരിച്ചു. രാത്രി തെരുവുകളിലൊക്കെ നിരവധി ആളുകൾ. സൂപ്പർമാർക്കറ്റുകൾ തുറന്നിരിക്കുന്നു. പന്ത്രണ്ടരയ്ക്ക് പേജസ് മോളിൽ നിന്ന് ഇറങ്ങുമ്പോഴും കടകൾ അടച്ചിട്ടില്ല.

അമൃത്സറിലെ അതേ തണുപ്പ് ലാഹോറിനെയും പിടികൂടിത്തുടങ്ങി. ചരിത്രം കുറിച്ച ഇടനാഴിയുടെ ഉദ്ഘാടനത്തിന് ശേഷം ഇനി ലാഹോറിൽ നിന്ന് വാഗ വഴി മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പ്. സൗഹൃദത്തിന്‍റെയും പ്രതീക്ഷയുടെയും അന്തരീക്ഷത്തിലാണ് കർതാർപൂർ ഇടനാഴി തുറന്നത്. ഇവിടുത്തെ ജനങ്ങൾ അനിഷ്ടമൊന്നും കാണിക്കാതെ ഇന്ത്യക്കാരോട് ഇടപെടുന്നു. എന്നാൽ പുൽവാമയ്ക്കു ശേഷമുള്ള പിരിമുറുക്കം ഒട്ടുമില്ലെന്ന് പറയാനും വയ്യ..

kartarpur corridor opening asianet news regional editor prasanth reghuvamsom reports from ground

ഗുരുദ്വാരയുടെ ഒരു വശം: ചിത്രം - Prasanth Reghuvamsom

കുറിപ്പിന്‍റെ ആദ്യഭാഗം ഇവിടെ വായിക്കാം: 'പാക് മണ്ണിലൂടെ സിഖ് സാമ്രാജ്യത്തിന്‍റെ തലസ്ഥാനത്തേക്ക്' ; പ്രശാന്ത് രഘുവംശത്തിന്‍റെ കുറിപ്പ്

പാകിസ്ഥാനിൽ നിന്ന് പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോർട്ടുകൾ കാണാം:

അയോധ്യ വിധിയെ പാക് മാധ്യമങ്ങൾ നോക്കിക്കാണുന്നതെങ്ങനെ? ലാഹോറിൽ നിന്ന് പാക് പത്രങ്ങൾ വായിക്കുമ്പോൾ ..

പ്രകാശ് സിംഗ് ബാദലും കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചപ്പോൾ:

വാഗാ അതിർത്തിയിൽ നിന്ന് തയ്യാറാക്കിയ റിപ്പോർട്ട്:

 

Follow Us:
Download App:
  • android
  • ios