പശ്ചിമേഷ്യൻ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങൾക്ക് കശ്മീരിലെ ബുദ്ഗാം, ബാരാമുള്ള ജില്ലകളിൽ നിന്നുള്ളവർ ദുരിതാശ്വാസ സഹായം നൽകി. പണം, സ്വർണ്ണം, കന്നുകാലികൾ എന്നിവയുൾപ്പെടെയുള്ള സംഭാവനകൾക്ക് ഇന്ത്യയിലെ ഇറാനിയൻ എംബസി നന്ദി അറിയിച്ചു.
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി കശ്മീരിലെ ജനങ്ങൾ. ബുദ്ഗാം, ബാരാമുള്ള ജില്ലകളിൽ നിന്നുള്ളവരാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തിയത്. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലെ സന്നദ്ധപ്രവർത്തകർ വീടുകൾ കയറിയിറങ്ങി. ജനങ്ങൾ പണം, സ്വർണം - വെള്ളി ആഭരണങ്ങൾ, കന്നുകാലികൾ, എന്നിവയെല്ലാം സംഭാവനയായി നൽകി. ഇറാന്‍റെ പുനർനിർമ്മാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത ഇന്ത്യക്കാരുടെ കാരുണ്യത്തിനും മനുഷ്യത്വത്തിനും ഇന്ത്യയിലെ ഇറാനിയൻ എംബസി നന്ദി പറഞ്ഞു.
നിരവധി സ്ത്രീകൾ അവരുടെ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള ഉപകരണങ്ങളും സംഭാവന ചെയ്തു. കുട്ടികൾ തങ്ങൾക്ക് സമ്മാനമായി കിട്ടിയ പണം നൽകി. ബുദ്ഗാം എംഎൽഎ മുൻതാസിർ മെഹ്ദി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി- "സഹായവും ഐക്യദാർഢ്യവുമായി ഇറാനിലെ ജനതയ്ക്ക് ഒപ്പം നിന്ന കശ്മീരിലെ ദയാലുക്കളായ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കശ്മീരിൽ നിന്നുള്ള ഒരു സഹോദരി, 28 വർഷം മുമ്പ് അന്തരിച്ച ഭർത്താവിന്റെ സ്മരണയ്ക്കായി സൂക്ഷിച്ചിരുന്ന സ്വർണ്ണം ഇറാനിലെ ജനങ്ങൾക്കായി സംഭാവന ചെയ്തു. ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ"- എന്നാണ് ഇറാനിയൻ എംബസി എക്‌സിൽ കുറിച്ചത്.
ഇസ്രയേലും അവരെ പിന്തുണയ്ക്കുന്നവരും തുടങ്ങിയ ഈ യുദ്ധം മൂലം വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് സംഭാവന നൽകിയവർ പറയുന്നു. പരിഷ്കൃത ലോകത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം ഇറാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം അയയ്ക്കുക എന്നതാണെന്നും അവർ പറയുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി ഇറാൻ എംബസി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കിട്ടതിന് പിന്നാലെ സംഭാവനകൾ ഒഴുകിയെത്തി എന്നത് ശ്രദ്ധേയമാണ്.


