രാജ്യത്തെ രൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ ഏറെ ആശങ്കാകുലരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാനോസെന്നിലടക്കം അവര്‍ പ്രതിഷേധവുമായി റോഡുകളിലേക്ക് ഇറങ്ങുകയാണ്.
കസാഖിസ്ഥാനില്‍ ( Kazakhstan) ബുധനാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ദ്ധനവിനെതിരെ തെരുവുകള്‍ കീഴടക്കിയ പ്രക്ഷോഭം ആക്രമണങ്ങളിലേക്ക് വഴിമാറിയതോടെയാണ് തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആക്രമണത്തിന് ഇരയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കസാഖിസ്ഥാന്‍റെ സാമ്പത്തിക തലസ്ഥാനമായ അല്‍മറ്റിയിലും, തലസ്ഥാനമായ നൂര്‍ സുല്‍ത്താനിലും വന്‍ റാലികള്‍ നിരോധിച്ചതായി കസാഖി ദേശീയ ടെലിവിഷനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ഇത്തരമൊരു അക്രമം തള്ളിക്കളയാനാകില്ലെന്നും അവകാശപ്പെട്ട കസാഖ് പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ് (Kassym-Jomart Tokayev) എന്നാല്‍ അപകടകരമായ ആക്രമണം നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. അൽമാട്ടി, പടിഞ്ഞാറൻ മാംഗിസ്‌റ്റോ പ്രവിശ്യ എന്നിവിടങ്ങളില്‍ രണ്ട് ആഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിരൂക്ഷമായ അക്രമത്തെ തുടര്‍ന്ന് 100 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതേതുടര്‍ന്ന് ഇന്ന് കസാഖിസ്ഥാന്‍ പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ് സര്‍ക്കാറിന്‍റെ രാജി സ്വീകരിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍, രാജ്യത്തെ എണ്ണയ്ക്ക് വില കൂട്ടിയതിനെ തുടര്‍ന്ന് രാജിവച്ചൊഴിയുന്ന ഈ വര്‍ഷത്തെ ആദ്യ സര്‍ക്കാറായി കസാഖിസ്ഥാന്‍ ഭരണകൂടം.
ജനുവരി ഒന്നുമുതലാണ് കസാഖിസ്ഥാനില്‍ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടത്. ജനുവരി ഒന്നിന് പുതുവത്സര സമ്മാനം കാത്തിരുന്ന കസാഖിസ്ഥാന്‍ജനതയ്ക്ക് ലഭിച്ചത് ഇന്ധന വിലവര്‍ദ്ധന, അതും ഇരട്ടി. സര്‍ക്കാര്‍ വിലനിയന്ത്രാധികാരം എടുത്ത് കളഞ്ഞതാണ് വില വര്‍ദ്ധിക്കുവാനുള്ള കാരണം. ഇതോടെ പടിഞ്ഞാറന്‍ കസാഖിസ്ഥാനിലെ ടാക്സി ഡ്രൈവര്‍മാര്‍ വാഹനം റോഡില്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയി. ദിവസങ്ങള്‍ കഴിഞ്ഞതും ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജനം തെരുവിലിറങ്ങിയതോടെ പ്രതിരോധിക്കാന്‍ പൊലീസും പട്ടാളവും രംഗത്തെത്തി.
കസാഖിസ്ഥാന്‍റെ പടിഞ്ഞാറന്‍ മേഖലയിലെ സനോസന്നിലാണ് ( Zhanaozen) പ്രധാനമായും പ്രശ്നങ്ങളാരംഭിച്ചത്. കസാഖിസ്ഥാനിലെ ഓയില്‍ ബൂമില്‍ (energy boom) ഉയര്‍ന്നുവന്ന നഗരമാണ് സനോസെന്‍. ഇവിടെ പ്രധാനമായും ഇന്ധനവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 1,60,000 പുതിയ തൊളിലുകള്‍ ഉയര്‍ന്ന് വന്ന നഗരമാണ് സനോസെന്‍.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസി (എൽപിജി) ന്‍റെ രൂക്ഷമായ വില വർദ്ധനയാണ് ജനങ്ങളെ ഏറെ പ്രശ്നത്തിലാക്കിയത്. എണ്ണത്തൊഴിലാളി നഗരമായ സാനോസന്‍റെ പ്രതിഷേധം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം മൊത്തം ആളിപ്പടരുകയായിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സാനോസെന്നിലെ പ്രൊപ്പെയ്ൻ-ബ്യൂട്ടെയ്ൻ മിശ്രിതത്തിന്‍റെ വില കുറയ്ക്കാൻ സര്‍ക്കാര്‍ നടപടികളാരംഭിച്ചു.
എന്നാൽ രാജ്യത്തെ രൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ ഏറെ ആശങ്കാകുലരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാനോസെന്നിലടക്കം അവര്‍ പ്രതിഷേധവുമായി റോഡുകളിലേക്ക് ഇറങ്ങുകയാണ്. പ്രതിഷേധം ശക്തമായതോടെ പൊലീസും പ്രതിഷേധക്കാരും പല നഗരങ്ങളിലും പരസ്പരം ഏറ്റ് മുട്ടി. 100 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. എന്നാല്‍, എത്ര പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റെന്നതിന് കണക്കുകള്‍ ലഭ്യമല്ല.
കസാക്കിസ്ഥാനിലെ എണ്ണ മേഖലയിലെ ജീവനക്കാരുടെ മാസങ്ങൾ നീണ്ട പണിമുടക്കുകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവില്‍ 2011 ഡിസംബർ 16 ന് 16 പ്രകടനക്കാരെ പൊലീസ് വെടിവച്ച് കൊന്ന നഗരം എന്ന കുപ്രസിദ്ധി ലഭിച്ച നഗരമാണ് സാനോസെന്‍. കസാക്കിസ്ഥാന്‍റെ 30 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശമായ അക്രമ സംഭവങ്ങളിൽ ഒന്നായി ഇന്നും ഈ നരനായാട്ട് കരുതപ്പെടുന്നു.
അന്നത്തെ സംഭവങ്ങള്‍ക്ക് ശേഷം പടിഞ്ഞാറൻ കസാക്കിസ്ഥാനിലെ തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതിൽ കസാഖ് അധികാരികൾ പ്രത്യേക ശ്രദ്ധാലുക്കളാണ്. സാനോസെന്നില്‍ ഒരു പ്രശ്നമുണ്ടായാല്‍ അത് വളരെ പെട്ടെന്ന് തന്നെ രാജ്യമെമ്പാടും ഏറ്റെടുക്കപ്പെടുമെന്ന് സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. 2021 ല്‍ സാനോസെന്നില്‍ ഒരു ലിറ്റര്‍ എല്‍പിജി ഗ്യാസിന്‍റെ വില 50 ടെംഗെ (tenge) ആയിരുന്നു. എന്നാൽ വർഷാവസാനത്തോടെ ഇത് ഏകദേശം 79-80 ടെംഗെയിലേക്ക് കുതിച്ചുയർന്നു. 2022 ജനുവരി ഒന്നിന് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 120 ടെംഗെ ആയി കുതിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ എല്‍പിജി ഗ്യാസിന്‍റെ വില ഇരട്ടിയിലേറെയായി ഉയര്‍ന്നതോടെ ജനം തെരുവിലിറങ്ങി. ജനവുവരി രണ്ടാം തിയതി വൈകുന്നേരത്തോടെ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. വില കുറയ്ക്കണമെന്നതായിരുന്നു പ്രകടനക്കാരുടെ ആവശ്യം. കുറിക് (Kuryk), ഷെറ്റിബേ (Zhetybay) പട്ടണങ്ങളിലെ ജനങ്ങളും സനോസെന്നിലെ പ്രതിഷേധക്കാരെ പിന്തുണച്ച് പ്രകടനം നടത്തി.ഇതോടെ സമീപ നഗരങ്ങളായ മംഗ്‌സ്‌റ്റൗവ് (Mangystau), അക്ഷുകൈർ (Akshukyr), ഷെറ്റ്‌പെ (Shetpe), കൈസിൽ ടോബെ (Kyzyl Tobe), ഫോർട്ട് ഷെവ്‌ചെങ്കോ (Fort Shevchenko), ടിഷ്‌ചിബെക്ക് (Tyshchybek) എന്നീ നഗരങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് പേര്‍ പ്രതിഷേധക്കാരെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടു. ഇതോടെ രാജ്യം മൊത്തം പ്രതിഷേധം ശക്തമായി.
രാജ്യമെമ്പാടും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ രാജ്യ തലസ്ഥാനമായ നൂർ-സുൽത്താനിലും ( Nur-Sultan) പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. രജിസ്റ്റർ ചെയ്യാത്ത പാര്‍ട്ടികളായ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കസാക്കിസ്ഥാൻ നേതാവ് ഴാൻബോലത് മമൈ, എൽ ടിറെഗി (നാഷണൽ റിലയൻസ്) പാർട്ടി നേതാവ് നൂർസാൻ അൽതയേ എന്നിവരുള്‍പ്പടെ വിവിധ പാര്‍ട്ടികളുടെ നേതാക്കാന്മാര്‍ തെരുവിലേക്കിറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും തലസ്ഥാനമായ നൂർ-സുൽത്താനിൽ പ്രകടനം നടത്തുകയും ചെയ്തു. ഈ പ്രകടനത്തില്‍ പങ്കെടുത്ത 20 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട ആരോപണവും ഇതിനിടെ ശക്തമായി. ഇതോടെയാണ് സര്‍ക്കാര്‍ രാജി സന്നദ്ധത അറിയിച്ചതും പ്രസിഡന്‍റ് സര്‍ക്കാറിന്‍റെ രാജി സ്വീകരിച്ചതും.
