കെനിയയിൽ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു. സർക്കാരുമായുള്ള ചർച്ചയെ തുടർന്നാണ് രാജ്യവ്യാപക സമരം ഒരാഴ്ചത്തേക്ക് അവസാനിപ്പിച്ചത്. തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു.
നയ്റോബി: കെനിയയിൽ ഇന്ധനവില വർധനവിനെതിരെ ആരംഭിച്ച രാജ്യവ്യാപക ഗതാഗത പണിമുടക്ക് പിൻവലിച്ചു. ബസ്, മിനി ബസ് ഉടമകളുടെ അസോസിയേഷനുമായി സർക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ചത്തേക്ക് പണിമുടക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അസോസിയേഷൻ പ്രതിനിധികൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ, കൂടുതൽ ചർച്ചകളുടെ ഭാഗമായി സമരം ഒരാഴ്ചയ്ത്തേക്ക് നിർത്തിവെച്ചതായി ആഭ്യന്തരമന്ത്രി കിപ്ചുംബ മുർകോമെൻ അറിയിച്ചു. തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കെനിയയിൽ പൊതുഗതാഗത വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന ഇന്ധനമായ ഡീസലിന് ഉണ്ടായ വില വർധനവാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് സർക്കാർ ഡീസൽ വില വർധിപ്പിച്ചത്.
തിങ്കളാഴ്ച ആരംഭിച്ച പണിമുടക്കിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ കുടുങ്ങിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് തലസ്ഥാനമായ നയ്റോബിയിലെ പ്രധാന റോഡുകളടക്കം ശൂന്യമാകുകയും സ്കൂളുകൾക്കടക്കം അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റോഡ് ഉപരോധിക്കുകയും ബാരിക്കേഡുകൾക്ക് തീയിടുകയും ചെയ്ത സംഭവങ്ങളിൽ 700ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെട്രോളിയം ഉൽപന്നങ്ങൾക്ക് 20 ശതമാനത്തിലധികം വർധന വരുത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഡീസൽ ലിറ്ററിന് 196.63 ഷില്ലിങ് ആയിരുന്ന വില 242.92 ഷില്ലിങ്ങായാണ് ഉയർന്നത്. പെട്രോൾ വില 206.97ൽനിന്ന് 214.25 ഷില്ലിങ്ങായും വർധിച്ചു. പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച, ഡീസൽ വിലയിൽ 10 ഷില്ലിങ് കുറയ്ക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ പിന്മാറാൻ തയ്യാറായിരുന്നില്ല. ലിറ്ററിന് 46 ഷില്ലിങ് എങ്കിലും കുറയ്ക്കണമെന്നായിരുന്നു ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരുടെ നിലപാട്. ലിറ്റിന് 10 ഷില്ലിങ് കുറച്ചാൽ സർക്കാരിന് 2.7 ബില്യൺ ഷില്ലിങ്ങിൻ്റെ വരുമാന നഷ്ടം ഉണ്ടാകുമെന്ന് ഊർജമന്ത്രി ഒപിയോ വാൻഡേ പ്രതികരിച്ചിരുന്നു.
അതേസമയം സർക്കാരുമായുള്ള തുടർചർച്ചകളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി.


