കുടിയേറ്റം, തീരുവ, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ എന്നിവയിലെല്ലാം വിവാദപരമായ നിലപാടുകൾ സ്വീകരിച്ച ട്രംപിന്റെ നടപടികൾ ലോകത്തെ അമ്പരപ്പിച്ചു.

വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷമുള്ള ആദ്യ 100 ദിവസങ്ങൾ സംഭവ ബഹുലമായിരുന്നു. ഈ 100 ദിവസങ്ങൾകൊണ്ട് ചില്ലറ കാര്യങ്ങളല്ല ട്രംപ് ചെയ്തുകൂട്ടിയത്. ലോകം മുഴുവൻ അമ്പരന്ന, ഞെട്ടിയ തീരുമാനങ്ങൾ, പ്രഖ്യാപനങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ. അതിൽ പലതും ലോകക്രമം തന്നെ മാറ്റിമറിക്കുന്നവയായിരുന്നു. അധികാരമേറ്റ് 100 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ ഇതിനകം 140 എക്സിക്യുട്ടീവ് ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവച്ചു. അവയിൽ 36 എണ്ണം ആദ്യ ആഴ്ചയിൽ തന്നെയാണ് ഒപ്പിട്ടത്. വിവാദ ഉത്തരവുകളിൽ പലതും കോടതി ഇടപെട്ട് സ്റ്റേ ചെയ്യുന്ന സാഹചര്യവുമുണ്ടായി.

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റമായിരുന്നു ആദ്യ തീരുമാനങ്ങളിൽ ഒന്ന്. ഇതോടെ എയ്ഡ്സ് നിയന്ത്രണത്തിനും മറ്റുമായി ലോകാരോഗ്യ സംഘടനയ്ക്കും യുഎന്നിനും ഉൾപ്പെടെ നൽകി വന്നിരുന്ന സഹായത്തിന്റെ 90 ശതമാനവും നിലച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പേരുകേട്ട നാട്ടിൽ നിന്ന് പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നാട് കടത്തപ്പെടുന്നതും ഈ 100 ദിവസത്തിനുള്ളിൽ ലോകം കണ്ടു. പരാതികളിൽ കോടതി ഇടപെട്ടതോടെയാണ് പലർക്കും ആശ്വാസം ലഭിച്ചത്. സർവകാലാശാലകൾക്കുള്ള സർക്കാർ ധനസഹായങ്ങളും നിർത്തലാക്കിയതും ഈ 100 ദിവസങ്ങൾക്കുള്ളിൽത്തന്നെ. അങ്ങനെ ലോകത്തെ മുഴുവൻ ബാധിക്കുന്ന പ്രഖ്യാപനങ്ങളാണ് ട്രംപ് നടത്തിയതെല്ലാം. 

കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി

കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമെതിരെ കടുത്ത നിലപാടുകളാണ് പണ്ടും ട്രംപ് സ്വീകരിച്ചിട്ടുള്ളത്. രണ്ടാം വരവിലും അതിൽ മാറ്റമുണ്ടായില്ല. എന്നുമാത്രമല്ല യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുമെന്ന പ്രഖ്യാപനം അധികാരത്തിലേറിയ ദിവസം മുതൽ ട്രംപ് നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചയയ്ക്കൽ പദ്ധതി നടപ്പാക്കുമെന്നായിരുന്നു ട്രംപ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ കുടിയേറ്റക്കാരെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ച രീതി വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചു. സൈനിക വിമാനങ്ങളിൽ കൈകാലുകൾ ചങ്ങലയിട്ട് ബന്ധിച്ചാണ് കുടിയേറ്റക്കാരെ ട്രംപ് തിരികെ അയച്ചത്. അങ്ങേയറ്റം മനുഷ്യത്വരഹിതമായാണ് തങ്ങളോട് പെരുമാറിയതെന്നും ശുചിമുറി ഉപയോഗിക്കാൻ പോലും അനുവാദമുണ്ടായില്ല എന്നുമെല്ലാം മടക്കി അയക്കപ്പെട്ടവർ പറഞ്ഞു. ഇന്ത്യക്കാരെ അടക്കം ഇത്തരത്തിൽ നാടുകടത്തിയത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റാനുള്ള ട്രംപിന്റെ തീരുമാനവും ഏറെ വിവാദമായി. ജന്‍മാവകാശ പൌരത്വം റദ്ദാക്കാനുള്ളഉത്തരവിലും ട്രംപ് ഒപ്പുവച്ചെങ്കിലും ഭരണഘനാ ലംഘനം കണക്കിലെടുത്ത് യു.എസ് കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്.

തീരുവ യുദ്ധം

ആഗോള വിപണിയെ തന്നെ പിടിച്ചുകുലുക്കിയ ട്രംപിന്റെ മറ്റൊരു തീരുമാനം തീരുവ ആയിരുന്നു. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വലിയ തീരുവ ചുമത്തുകയാണ് എന്നാരോപിച്ച് ഈ രാജ്യങ്ങൾക്കുമേൽ ട്രംപ് പകരച്ചുങ്കം ഏർപ്പെടുത്തി. ചൈന, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ തുങ്ങിയ രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിട്ടത്. ഇതിൽ ചൈനയ്ക്ക് ചുമത്തിയത് 145 % ഇറക്കുമതിത്തീരുവയാണ്. ഇന്ത്യയ്ക്ക് 26% ഉം. ഈ തീരുമാനം വലിയ പ്രത്യാഘാതങ്ങൾക്ക് വഴി വച്ചു. ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണ് എന്നുപോലും തോന്നിപ്പോയി. ഏതായാലും ഈ വിഷയത്തിൽ പിന്നീട് ട്രംപ് അയഞ്ഞു. 

ഇനി അമേരിക്കയിൽ സ്ത്രീയും പുരുഷനും മാത്രം

ട്രാൻസ് ജെൻഡറുകൾക്കെതിരെയും നടപടികളുണ്ടായി. ഇനി സ്ത്രീ, പുരുഷന്‍ എന്നീ രണ്ടുതരം ആളുകൾ മാത്രമേ രാജ്യത്ത് ഉണ്ടാവൂ എന്നായിരുന്നു ഉത്തരവ്. ഇതോടെ ട്രാൻസ് വ്യക്തിത്വവുമായി ജീവിക്കുന്നവർ രേഖകളിൽ ഈ മാറ്റം വരുത്തണമെന്ന അവസ്ഥയിലെത്തി. ട്രാൻസ്‌ജെൻഡർമാരെ യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നത് വിലക്കുന്ന ഉത്തരവ് നടപ്പിലാക്കാൻ ട്രംപ് ഭരണകൂടം യുഎസ് സുപ്രീം കോടതിയുടെ അനുമതി തേടി. എന്നാൽ കോടതി എൽജിബിടിക്യു അവകാശങ്ങൾക്കായി നിലകൊണ്ടു. ഇതോടെ ട്രാൻസ് ജെൻഡറുകൾക്കെതിരായ നടപടികളുടെ വേഗത കുറഞ്ഞു. 

ട്രംപിന്‍റെ ഗാസ പ്ലാൻ

ട്രംപ് അധികാരത്തിലേറുന്നതിന് ഒരു ദിവസം മുന്‍പാണ് ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറിൽ ഒപ്പുവയ്ക്കുന്നത്. 15 മാസം നീണ്ട യുദ്ധത്തിനായിരുന്നു അന്ന് അന്ത്യമായത്. താന്‍ അധികാരത്തിലെത്തുന്നതിനു മുന്‍പ് ഇസ്രയേലി ബന്ദികളെ വിട്ടയക്കണമെന്നും അല്ലെങ്കിൽ ഹമാസിനെ തരിപ്പണമാക്കുമെന്നും ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. അധികാരമേറ്റശേഷം ട്രംപ് പറഞ്ഞത് ഗാസയെ യുഎസ് ഏറ്റെടുത്ത് കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കുമെന്നും പലസ്തീൻ പൗരന്മാരെ ഈജിപ്റ്റോ ജോർദാനോ ഏറ്റെടുക്കണമെന്നുമാണ്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു. അതേസമയം മുഴുവൻ ബന്ദികളെയും ഉടൻ കൈമാറണണമെന്ന് ആവശ്യപ്പെട്ട് മാർച്ചിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ യുദ്ധം പുനരാരംഭിച്ച കാഴ്ചയ്ക്കും ലോകം സാക്ഷിയായി. 

യുക്രൈനോടുള്ള നിലപാടുമാറ്റം

റഷ്യ-യുക്രൈൻ യുദ്ധത്തിലെ ട്രംപിന്റെ നിലപാടു മാറ്റമാണ് മറ്റൊരു പ്രധാന സംഗതി. കാലങ്ങളായി യുക്രൈനൊപ്പം നിലകൊണ്ട യുഎസ് യുക്രൈനെ ഒറ്റയടിക്ക് കൈവെടിയുന്ന കാഴ്ചയാണ് ലോകം കണ്ടത്. യുദ്ധത്തിൽ യുക്രൈൻ തോൽവിയുടെ വക്കിലാണെന്നും റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഇനി തിരികെ നേടാൻ ശ്രമിക്കേണ്ടെന്നും ട്രംപ് പറഞ്ഞു. യുക്രൈന് അതുവരെ നല്‍കിയ സഹായങ്ങള്‍ക്കു പകരം യുക്രൈന്‍റെ ധാതു സമ്പത്തില്‍നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനം ട്രംപ് ആവശ്യപ്പെട്ടു. സെലൻസ്കിയും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച വളരെ മോശം നിലയിൽ അവസാനിക്കുക കൂടി ചെയ്തതോടെ യുക്രൈനുള്ള എല്ലാ സൈനിക സഹായവും അമേരിക്ക നിർത്തലാക്കി. ഒടുവിൽ സെലൻസ്കി ക്ഷമ ചോദിച്ചതോടെയാണ് സഹായം പുനഃസ്ഥാപിച്ചത്. 

പാനമയും ഗ്രീൻലാൻഡും കാനഡയും വേണമെന്ന് ട്രംപ്

പാനമ കനാല്‍ ദുരുപയോഗം ചെയ്യുകയാണ് എന്നും അതിനാൽ പാനമയില്‍ നിന്ന് കനാൽ തിരികെപ്പിടിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ നാവികക്കപ്പലുകൾക്ക് ഉൾപ്പെടെ വലിയ നിരക്കാണ് ചുമത്തുന്നതെന്നും കനാല്‍ നിയന്ത്രിക്കുന്നത് ചൈനയാണ് എന്നുമാണ് ട്രംപ് ആരോപിച്ചത്. കനാൽ തിരികെ നൽകാനാവില്ല എന്നായിരുന്നു പാനമയുടെ മറുപടി. യുഎസ് കപ്പലുകളെ പാനമ, സൂയസ് കനാലുകളിലൂടെ സൗജന്യമായി കടത്തിവിടണമെന്നാണ് ഒടുവിൽ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസിന്റെ സുരക്ഷയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് തങ്ങൾക്ക് വേണമെന്നാണ് ട്രംപ് നടത്തിയ മറ്റൊരു പ്രസ്താവന. കാനഡയെ 51ആം സംസ്ഥാനമാക്കാമെന്ന പ്രസ്താവനയും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ജനപ്രീതിയിൽ ഇടിവ്

ഏതായാലും ഈ തീരുമാനങ്ങളെല്ലാം ട്രംപിന്റെ ജനപ്രീതിയിൽ വരുത്തിയത് വലിയ ഇടിവാണ്. സിഎൻഎൻ പോൾ പ്രകാരം 100 ദിവസത്തെ പ്രവർത്തനത്തിനുള്ള അമേരിക്കൻ പ്രസിഡന്റുമാർക്കുള്ള റേറ്റിംഗിൽ ഏറ്റവും പിന്നിലാണിപ്പോൾ ട്രംപിന്റെ സ്ഥാനം. 41 % ആളുകൾ മാത്രമാണ് ട്രംപിന്‍റെ പ്രസിഡൻസിയിൽ തൃപ്തി രേഖപ്പെടുത്തിയത്. ഇതിന് മുൻപ് 100 ദിവസത്തെ പ്രകടന വിലയിരുത്തലിൽ ഏറ്റവും കുറഞ്ഞ റേറ്റിങ് നേടിയ പ്രസിഡന്റും ട്രംപ് തന്നെ ആയിരുന്നു. 2017 ലായിരുന്നു ഇത്. 

രാജ്യത്തെ സാമ്പത്തിക സ്ഥിതി ട്രംപ് പ്രതിസന്ധിയിലാക്കി എന്നാണ് കൂടുതൽ പേരും പറഞ്ഞത്. സർവേയിൽ വിലയിരുത്തിയത് സാമ്പത്തിക സ്ഥിതി അടക്കം 7 മാനദണ്ഡങ്ങളായിരുന്നു. ട്രംപിന്റെ കുടിയേറ്റ നയങ്ങളെയും നിരവധി പേർ വിമർശിച്ചു. ഭരണം മെച്ചപ്പെടുത്താനായി ട്രംപ് സ്വീകരിച്ച പദ്ധതികൾക്കും ജനപിന്തുണ കുറവാണ്. തന്റെ നയങ്ങളിൽ നിന്ന് പിന്നോട്ടു പോകാൻ ട്രംപ് തയാറാകുമോ എന്നതാണ് ഇനിയറിയാനുള്ളത്.

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം