അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ 11ാം നൂറ്റാണ്ടിലെ ഗോപുരത്തിന്‍റെ താക്കോല്‍ കണ്ടുകിട്ടി. ഇംഗ്ലണ്ടിലെ കെന്‍റിലെ  വെസ്റ്റ് മാലിംഗിലുള്ള സെന്‍റ് ലിയോണാര്‍ഡ്സ് ഗോപുരത്തിന്‍റെ താക്കോലാണ് രസകരമായ ഒരു കുറിപ്പിനൊപ്പം തിരികെ ലഭിച്ചത്. 1973ല്‍ കടമായി എടുത്തതാണെന്നും തിരികെ നല്‍കാനുണ്ടായ കാലതാമസത്തില്‍ ക്ഷമിക്കണം എന്നും എഴുതിയ കുറിപ്പിനൊപ്പമാണ് താക്കോല്‍ ഇംഗ്ലീഷ് ഹെറിറ്റേജിന് അയച്ച് നല്‍കിയത്. 

കുറിപ്പുമായി താക്കോല്‍ തിരിച്ചയച്ച അജ്ഞാതനെ നിയമപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വിശദമാക്കണമെന്നുമാണ് ഇംഗ്ലീഷ് ഹെറിറ്റേജ് ക്യുറേറ്റര്‍ സമാന്ത സ്റ്റോണ്‍ വിശദമാക്കുന്നത്. 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ താക്കോല്‍ ഗോപുര വാതിലില്‍ ഇപ്പോഴും കൃത്യമായി പാകമാകുന്ന സ്ഥിതിയിലാണ് തിരികെ നല്‍കിയിട്ടുള്ളത്. എന്നാല്‍ ലോക്ക് മാറിയതിനാല്‍ ഈ താക്കോല്‍ തിരിക്കാന്‍ സാധിക്കില്ല. ഈ താക്കോല്‍ എങ്ങനെ കാണാതായിയെന്നതിനേക്കുറിച്ച് ഇതുവരേയും കൃത്യമായ വിവരമില്ല. 

ഈ ഗോപുരത്തിന്‍റെ യഥാര്‍ത്ഥ കഥയും കാണാതായ താക്കോല്‍ പോലെ തന്നെ നിഗൂഡമാണ്. റോച്ചസ്റ്ററിലെ ബിഷപ്പായിരുന്ന ഗുണ്ടല്‍ഫ് നിര്‍മ്മിച്ചതാണ് ഈ ഗോപുരമെന്നാണ് ബിബിസി റിപ്പോര്‍ട്ട്. എന്നാല്‍ ബിഷപ്പ് ഓഡോ ഓഫ് ബയൂക്സ് ആണ് ഈ ഗോപുരം നിര്‍മ്മിച്ചതെന്നും അവകാശവാദമുണ്ട്. തീകായാനുള്ള സൌകര്യങ്ങളോ, ശുചിമുറികളോ ഇല്ലാത്ത ഈ ഗോപുരത്തിന്‍റെ ഉപയോഗം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്നാണ് സമാന്ത സ്റ്റോണ്‍ ബിബിസിയോട് പ്രതികരിക്കുന്നത്. താക്കോല്‍ തിരികെ അയച്ചയാള്‍ക്ക് ബന്ധപ്പെടുവാന്‍ സാധിക്കുകയാണെങ്കില്‍ ഈ നിഗൂഡതയില്‍ ചെറിയ തെളിച്ചമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമാന്ത.