ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ ആള്‍ക്കൂട്ടം തകര്‍ത്ത ഹിന്ദു ക്ഷേത്രം നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രവിശ്യാ മുഖ്യമന്ത്രി മഹമ്മൂദ് ഖാന്‍ പറഞ്ഞു. ആരോഗ്യ കാര്‍ഡ് വിതരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മ്മാണത്തിന് ഉത്തരവ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ചയാണ് കരക് ജില്ലയില്‍ ആള്‍ക്കൂട്ടം ക്ഷേത്രം തകര്‍ത്തത്.

രാജ്യത്തെ ന്യൂന പക്ഷ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഭവത്തിനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ജമിയാത്ത് ഉലമ ഇ ഇസ്ലാം നേതാന് റഹ്മത്ത് സലാം ഖട്ടക്ക് ഉള്‍പ്പെടെ 45ഓളം പേര്‍ അറസ്റ്റിലായി. ന്യൂനപക്ഷങ്ങളുടെ ആരാധാനാലയം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ക്ഷേത്രം നിര്‍മ്മാണത്തിന് അധികൃതര്‍ നടപടി സ്വീകരിച്ചുതുടങ്ങി. ക്ഷേത്രം നവീകരിക്കുന്നതിന് അധികൃതര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.