മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഇല്ലായിരുന്നെങ്കിലും, കയ്യിലുണ്ടായിരുന്ന ഫോണില്‍ ഫാബിയാന ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തു. തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും വെളിച്ചമില്ലെന്നും എത്രയും വേഗം രക്ഷിക്കണമെന്നും അവള്‍ ആ വീഡിയോയില്‍ പറയുന്നുണ്ട്.
കാരക്കാസ്: നെിസ്വേലയെ പിടിച്ചുകുലുക്കിയ അതിശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ, ബഹുനില മന്ദിരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 12-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കന്‍ ലാ ഗൈ്വറയിലെ പത്തുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 32 മണിക്കൂറോളമാണ് ഫാബിയാന എന്ന പെണ്‍കുട്ടി മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞത്.
കെട്ടിടത്തിലുണ്ടായിരുന്ന 50-ഓളം താമസക്കാരില്‍ ഫാബിയാന ഉള്‍പ്പെടെ വെറും മൂന്ന് പേര്‍ മാത്രമാണ് ജീവനോടെ പുറത്തെത്തിയത്. ഭൂകമ്പത്തില്‍ രാജ്യത്തുടനീളം 3,342-ലധികം മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു ഫാബിയാന. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന്റെ ചുവരുകള്‍ ഫാബിയാനയുടെ മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. ചുവരുകള്‍ വിണ്ടുകീറി എന്റെ മുകളിലേക്ക് വീണു. ഞാന്‍ മരിക്കാന്‍ പോകുകയാണെന്നും ആരും എന്നെ രക്ഷിക്കാന്‍ വരില്ലെന്നും ഞാന്‍ ഉറപ്പിച്ചു.'-ഫാബിയാന മാധ്യമങ്ങളോട് പറഞ്ഞു.
മകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതറിഞ്ഞ് ഓടിയെത്തിയ അമ്മ കരീന കണ്ടത് ഫ്‌ലാറ്റ് നിന്നിരുന്ന ഇടം മണ്‍കൂനയായാതാണ് കണ്ടത്. മകള്‍ മരിച്ചെന്നു കരുതി അവര്‍ അലറിക്കരഞ്ഞു.
അനങ്ങാന്‍ പോലുമാകാത്ത വിധം കുടുങ്ങിക്കിടക്കുമ്പോഴും ഫാബിയാന ധൈര്യം കൈവിട്ടില്ല. ശ്വാസംമുട്ടലും ഭയവും തോന്നിയിട്ടും അവള്‍ സ്വയം നിയന്ത്രിച്ചു. പരുക്കേറ്റ തന്റെ കാല്‍ നേരെയാക്കാന്‍ കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റുന്നതിനിടയിലാണ് അവള്‍ക്ക് ഒരു കുപ്പി കെച്ചപ്പും അല്പം ചീസും ലഭിക്കുന്നത്. ആ ഇരുട്ടറയില്‍ ബോധം കെട്ടുപോകാതെ അവളെ നിലനിര്‍ത്തിയത് ഈ ഭക്ഷണമായിരുന്നു.
മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഇല്ലായിരുന്നെങ്കിലും, കയ്യിലുണ്ടായിരുന്ന ഫോണില്‍ ഫാബിയാന ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തു. തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും വെളിച്ചമില്ലെന്നും എത്രയും വേഗം രക്ഷിക്കണമെന്നും അവള്‍ ആ വീഡിയോയില്‍ പറയുന്നുണ്ട്.

ആദ്യമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം കുട്ടിയെ കണ്ടെത്താനാകാതെ മടങ്ങിയപ്പോള്‍ കരീനയുടെ രക്ഷകനായി വിക്ടര്‍ എന്ന സന്നദ്ധപ്രവര്‍ത്തകന്‍ എത്തി. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ വിക്ടര്‍ നിരന്തരം ഫാബിയാനയുടെ പേര് വിളിച്ച് ചോദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഉള്ളില്‍ നിന്നും ഫാബിയാന മറുപടി നല്‍കി.
തുടര്‍ന്ന് മറ്റ് നാട്ടുകാരും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. രാത്രിയായപ്പോള്‍ മോട്ടോര്‍ സൈക്കിളുകളുടെയും കാറുകളുടെയും ഹെഡ്ലൈറ്റുകള്‍ കെട്ടിടത്തിലേക്ക് തിരിച്ചു വെച്ചാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയിലൂടെ ചെറിയൊരു ദ്വാരമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ആ ദ്വാരത്തിലൂടെ പുഞ്ചിരിയോടെ നോക്കുന്ന ഫാബിയാനയുടെ വീഡിയോ ഇപ്പോള്‍ വെനിസ്വേലയില്‍ വൈറലാണ്.
അതായത് ദുരന്തം നടന്ന് 32 മണിക്കൂറുകള്‍ക്ക് ശേഷം, ഫാബിയാനയെ പുറത്തെടുക്കാനുള്ള തുരങ്കം രക്ഷാപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നടന്നു നീങ്ങിയ അവള്‍ അമ്മയുടെ കൈകളിലേക്ക് തളര്‍ന്നുവീണു.
ഇടതുകാലിലെ ചെറിയൊരു ഒടിവും കുറച്ചു പോറലുകളും ഒഴിച്ചാല്‍ ഫാബിയാനയ്ക്ക് മറ്റ് ഗുരുതര പരിക്കുകളൊന്നുമില്ല. ഇപ്പോള്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് ഈ പന്ത്രണ്ടുകാരി കഴിയുന്നത്.


