ഖത്തറിൽ നിന്ന് ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ   സൗദിയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ അമ്മയും മകളും മരിക്കുകയും കുടുംബത്തിലെ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാറിന്‍റെ ഗ്ലാസ്സിൽ പ്ലാസ്റ്റിക് ഷീറ്റ് പതിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു.

റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ രണ്ട് പേർ മരിച്ചു. മലപ്പുറം രാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്ദുല്ലത്തീഫ് (കുഞ്ഞുമോൻ) എന്നയാളുടെ ഭാര്യയും മകളുമാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ഉംറ കർമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിെൻറ മുൻവശത്തെ ഗ്ലാസ്സിൽ (വിൻഡ്ഷീൽഡ്) വന്ന് പതിക്കുകയും, ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട ലാൻഡ് ക്രൂയിസർ കാർ റോഡിൽ പലതവണ മറിയുകയുമായിരുന്നു എന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ദമ്മാമിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള ബന്ധുക്കളും നാട്ടുകാരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.