മിനയപോളിയ: കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ഇടയില്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട് കറുത്ത വര്‍ഗക്കാരനെ പിന്തുണച്ച് പ്രതിഷേധം ശക്തം. അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് കഴിഞ്ഞ ദിവസം  ജോര്‍ജ് ഫ്ലോയിഡ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ യുവാവിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. 

സംഭവം പുറത്ത് വന്നതോടെ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന് കാരണക്കാരായ നാല് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് നീക്കി. ആഗോളതലത്തില്‍ പൊലീസ് അതിക്രമങ്ങള്‍ക്ക് എതിരെ ജോര്‍ജിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

കറുത്ത വര്‍ഗക്കാരനായതിനാല്‍ അല്ല പൊലീസുകാരന്‍ വെളുത്ത വര്‍ഗക്കാരനായതിന്‍റെ അധികാര പ്രയോഗം നടത്തിയതാണ് ജോര്‍ജിന്‍റെ മരണത്തിന് ഇടയാക്കിയതെന്നാണ് രൂക്ഷമായ വിമര്‍ശനം. ഇതിനോടകം തന്നെ  #icantbreathe #JusticeForFloyd #BlackLivesMatters #GeorgeFloyd എന്നീ ഹാഷ്ടാഗുകളില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് കുറ്റാരോപിതര്‍ നേരിടേണ്ടി വരുന്ന അക്രമങ്ങളുടെ ചിത്രങ്ങളും കാര്‍ട്ടൂണുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു. 

പൊലീസ് കാറിന് സമീപം വച്ച് റോഡില്‍ കിടത്തിയ ശേഷമായിരുന്നു യുവാവിനോട് അമേരിക്കന്‍  പൊലീസിന്‍റെ അതിക്രമം. ശ്വാസം മുട്ടുന്നുവെന്ന് കേണ് അപേക്ഷിച്ചിട്ടും ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍റെ കഴുത്തില്‍ നിന്ന് കാല്‍മുട്ട് എടുക്കാന്‍ പൊലീസുകാരന്‍ തയ്യാറായില്ല. സമീപത്തുണ്ടായിരുന്നവര്‍ ഇതിന്‍റെ വീഡിയോയും ചിത്രങ്ങളുമെടുത്തതോടെയാണ് പൊലീസ് അതിക്രമം പുറത്ത് വന്നത്.

മിനിറ്റുകളോളം ശ്വാസം കിട്ടാതെ യുവാവ് പൊലീസുകാരന്റെ കാല് മുട്ടിനടയില്‍ കിടന്ന് നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഷര്‍ട്ട് പോലും ധരിക്കാതെ നിരായുധനായി എത്തിയ യുവാവ് കാല്‍ മുട്ടിനടയില്‍ ജീവന് വേണ്ടി കേഴുമ്പോള്‍ പോക്കറ്റില്‍ കയ്യിട്ട് നിന്ന ഉദ്യോഗസ്ഥരുടെ മനോനിലയെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

റഗ്ബി കളിക്കിടയില്‍ പോയിന്റ് നേടിയ ശേഷം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്ന കളിക്കാരനെ പോലെയായിരുന്നു കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനോട് അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പെരുമാറിയത്. അറസ്റ്റ് ചെയ്യുന്നതിനിടയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നതാണ് ഈ പ്രതിഷേധങ്ങളില്‍ ഏറെയും.

കഴിഞ്ഞ ദിവസം ജോര്‍ജിന് നീതി ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് ഗ്രനേഡും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചിരുന്നു.