പതിനായിരക്കണക്കിന് സൈനികരായിരിക്കും പരേഡിൽ അണിനിരക്കുക. യുദ്ധ വിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ടാകും.

ബീജിങ്: ടിയാനൻമെൻ സ്ക്വയറിൽ ചൈന നടത്തുന്ന വമ്പൻ സൈനിക പരേഡിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ക്ഷണം. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ കീഴടങ്ങലിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായാണ് ചൈന വമ്പൻ പരേഡ് സംഘടിപ്പിക്കുന്നത്. പരേഡിൽ ഇരു നേതാക്കളും അടക്കം 26 ലോക നേതാക്കള്‍ പങ്കെടുക്കുമെന്ന് പങ്കെടുക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സെപ്തംബര്‍ മൂന്നിനാണ് ബീജിങ്ങിൽ വിജയദിന പരേഡ് നടക്കുന്നത്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, ദക്ഷണി കൊറിയയുടെ സ്പീക്കര്‍ വൂ വൊന്‍-ഷിക് തുടങ്ങിയവര്‍ പരേഡില്‍ പങ്കെടുക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പരേഡിൽ പങ്കെടുക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പരേഡിൽ പങ്കെടുക്കുന്ന നേതാക്കളുടെ പട്ടികയിൽ ഇല്ല.

പതിനായിരക്കണക്കിന് സൈനികരായിരിക്കും പരേഡിൽ അണിനിരക്കുക. യുദ്ധ വിമാനങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ടാകും.

2019 ന് ശേഷം ആദ്യമായിട്ടാണ് കിം ചൈനയിലേക്ക് പോകുന്നത്. കിമ്മിന്റെ സാന്നിധ്യം ഉത്തരകൊറിയൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ കെസിഎൻഎ സ്ഥിരീകരിച്ചു. 2011ൽ അധികാരമേറ്റതിനുശേഷം 10 വിദേശ യാത്രകൾ മാത്രമാണ് കിം നടത്തിയത്. റഷ്യയും ചൈനയുമല്ലാത്ത മറ്റ് രാജ്യത്തലവന്മാർക്കൊപ്പം കിമ്മിനെ കാണാനുള്ള അപൂർവ അവസരമാണ് ഒരുങ്ങുന്നത്. ഈ വർഷം ഉത്തരകൊറിയൻ നേതാവിനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പരേഡിൽ കിം പങ്കെടുക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്. യുഎസിലെ ട്രംപ് ഭരണകൂടം താരിഫ് ഏർപ്പെടുത്തി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ചൈന സൈനിക ശക്തി പ്രദർശിപ്പിക്കുന്നത്.