തര്‍ക്കം നിലനില്‍ക്കുന്ന ആണവ വിഷയത്തിലടക്കം അനുകൂല സമീപനമുണ്ടായാല്‍ ചര്‍ച്ചക്ക് തയാറാണെന്നും ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കുമെന്നും ഉന്‍ ദേശീയമാധ്യമത്തിലൂടെ അറിയിച്ചു.

വാഷിങ്ടണ്‍: പ്രശ്ന പരിഹാരത്തിനായി അമേരിക്ക-ഉത്തരകൊറിയ മൂന്നാംവട്ട ചര്‍ച്ചക്ക് കളമൊരുങ്ങുന്നു. വ്യാഴാഴ്ച ഉത്തരകൊറിയയുമായി തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയോട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അനുകൂലമായി പ്രതികരിച്ചു.

തര്‍ക്കം നിലനില്‍ക്കുന്ന ആണവ വിഷയത്തിലടക്കം അനുകൂല സമീപനമുണ്ടായാല്‍ ചര്‍ച്ചക്ക് തയാറാണെന്നും ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കുമെന്നും ഉന്‍ ദേശീയമാധ്യമത്തിലൂടെ അറിയിച്ചു. ഉന്നിന്‍റെ പ്രതികരണത്തിന് പിന്നാലെ ട്രംപ് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തി ഉത്തരകൊറിയയുമായുള്ള ചര്‍ച്ചയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി. ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍, ഏകപക്ഷീയമായി കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതി അംഗീകരിക്കില്ലെന്നും ഉന്‍ വ്യക്തമാക്കിയിരുന്നു. 

ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെടാന്‍ കാരണം അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകളായിരുന്നുവെന്ന് ഉന്‍ കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആരോഗ്യകരമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അമേരിക്കക്ക് ആത്മാര്‍ഥതയുണ്ടോയെന്നും ഉന്‍ ചോദിച്ചിരുന്നു. ദക്ഷിണകൊറിയ പരിധിവിടുന്ന മധ്യസ്ഥം വഹിക്കേണ്ടെന്നും ഉന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പൗരന്മാരുടെ താല്‍പര്യം ഹനിച്ച് യാതൊരുവിധ നീക്കുപോക്കിനും തയാറാകില്ലെന്നും ഉന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും ബന്ധം മികച്ചതാക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നതെന്നായിരുന്നു ദക്ഷിണകൊറിയയുടെ പ്രതികരണം.

മുന്‍പ് ഹനോയിയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. ഉത്തരകൊറിയ പൂര്‍ണമായി ആണവവിമുക്തമാക്കണമെന്നായിരുന്നു അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാല്‍, ഉത്തരകൊറിയക്കുമേലുള്ള മുഴുവന്‍ ഉപരോധങ്ങളും നീക്കണമെന്ന ആവശ്യത്തില്‍ ഉത്തരകൊറിയയും ഉറച്ചുനിന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് സാധ്യതതെളിയുകയാണെന്നും ഈ വര്‍ഷം മൂന്നാം ചര്‍ച്ച നടക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.