വാഷിംങ്ടണ്‍:  നോര്‍ത്ത് കൊറിയന്‍ രാഷ്ട്ര തലവന്‍ കിം ജോങ് ഉന്‍ ആദ്യമായി ചിരിച്ചത് എന്‍റെ മുഖത്ത് നോക്കി മാത്രമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. ഉത്തര കൊറിയന്‍ രാഷ്ട്രതലവനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ്.

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയ്ക്ക് കിം ഒരു വിലയും നല്‍കിയിരുന്നില്ലെന്നും ട്രംപ് വെളിപ്പെടുത്തുന്നു. പലപ്പോഴും ഒബാമയെ കിം കരുതിയിരുന്നത് ഒരു 'മോശം പദത്തിന്' സമാനമാണെന്ന് ട്രംപ് പറയുന്നു. വാഷിംങ്ടണ്‍ പോസ്റ്റ് എഡിറ്റര്‍ ബോബ് വുഡ്വേര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍.

ഉത്തര കൊറിയന്‍ രാഷ്ട്രതലവനുമായി അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനുള്ള ബന്ധം സംബന്ധിച്ച ചോദ്യത്തിനാണ് ഒബാമയ്ക്കെതിരെ ട്രംപ് പരാമര്‍‍ശം നടത്തിയത്. വുഡ്വേര്‍ഡിന്‍റെ ട്രംപുമായുള്ള അഭിമുഖം ഉള്‍പ്പെടുന്ന പുസ്തകം അടുത്ത് തന്നെ പുറത്തിറങ്ങും. ഇതിന്‍റെ ചില ഭാഗങ്ങള്‍ ബുധനാഴ്ച ബ്രോഡ് ഷീറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് പരാമര്‍ശം ഉള്ളത്.

അയാള്‍ ഇതുവരെ ഇതിന് മുന്‍പ് ചിരിച്ചിട്ടില്ല, ഞാന്‍ മാത്രമാണ് അയാള്‍ക്കൊപ്പം ചിരിച്ച ഏക വ്യക്തി. മുന്‍പ് നടന്ന ഉത്തരകൊറിയ അമേരിക്ക ഉച്ചകോടി സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. എനിക്ക് 'ലൌ ലെറ്റര്‍' അയച്ചിട്ടുണ്ട് കിം എന്ന് അഭിമുഖത്തില്‍ ട്രംപ് പറയുന്നു. ഈ കത്തും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

 ബോബ് വുഡ്വേര്‍ഡിന്‍റെ പുസ്തകത്തിലെ ട്രംപിന് കിം എഴുതിയ കത്തിലെ ഭാഗങ്ങള്‍ ഇങ്ങനെയാണ് - ബഹുമാന്യനായ അങ്ങയുടെ കൈ ഞാന്‍ കവര്‍ന്ന നിമിഷം ചരിത്ര നിമിഷമാണ്, പ്രതീക്ഷയോടെ  ലോകം മുഴുവന്‍ താല്‍പ്പര്യത്തോടെ അത് വീക്ഷിക്കുന്നുണ്ടായിരുന്നു. 

അതേ സമയം രണ്ടുതവണ ഉച്ചകോടി നടത്തിയിട്ടും ഉത്തരകൊറിയന്‍ വിഷയത്തില്‍ ട്രംപിന് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന വാദത്തെയും ട്രംപ് അഭിമുഖത്തില്‍ എതിര്‍ക്കുന്നുണ്ട്. ഒരു വീടിനോട് വലിയ അടുപ്പം ഉള്ളയാള്‍, അത് വില്‍ക്കാന്‍ തയ്യാറാകുന്നില്ല എന്നും അറിഞ്ഞ് അയാളോട് ഡീല്‍ സംസാരിക്കാന്‍ പോകുന്ന പോലെയാണ് അത്. മുന്‍ റിയല്‍ എസ്റ്റേറ്റുകാരന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്‍റ് പറയുന്നു.