Asianet News MalayalamAsianet News Malayalam

'കൂടുതല്‍ കുട്ടികളെ പ്രസവിക്കണേ': ഉത്തര കൊറിയയിലെ സ്ത്രീകളോട് കണ്ണീരോടെ കിം

ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെയാണ് കിമ്മിന്‍റെ ആഹ്വാനം

Kim Jong Un cries when he tells north korean women to have more babies video spreads in social media SSM
Author
First Published Dec 6, 2023, 2:41 PM IST

പ്യോങ്‍യാങ്: കൂടുതൽ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഉത്തര കൊറിയയിലെ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുന്നതിനിടെ വികാരാധീനനായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെയാണ് കിമ്മിന്‍റെ ആഹ്വാനമെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

രാജ്യത്തിന് കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനാണ് തലസ്ഥാനമായ പ്യോങ്‍യാങില്‍ അമ്മമാര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ കിം ആവശ്യപ്പെട്ടത്. ജനന നിരക്ക് വര്‍ദ്ധിപ്പിക്കുക, കുട്ടികള്‍ക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നൽകുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണ്. നമുക്കിത് അമ്മമാരോടൊപ്പം ഒരുമിച്ച് ചെയ്യണമെന്ന് കിം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ അമ്മമാർ വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.

ജനസംഖ്യാ വളർച്ച മന്ദഗതിയിലാക്കാൻ 1970 - 80 കളിൽ ഉത്തര കൊറിയ ജനന നിയന്ത്രണ പദ്ധതികൾ നടപ്പാക്കിയിരുന്നു. 1990കളുടെ മധ്യത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ക്ഷാമത്തിന് ശേഷം ഉത്തര കൊറിയയില്‍ ജനസംഖ്യ കുറയാൻ തുടങ്ങി. ജനസംഖ്യയിലെ കുറവ് പരിഹരിക്കാന്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ ഭവനം,  സബ്‌സിഡികൾ, സൗജന്യ ഭക്ഷണം,  മരുന്ന്, വീട്ടുപകരണങ്ങൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിങ്ങനെയാണ് നല്‍കുന്നത്.

അതേസമയം ഉത്തര കൊറിയയിലെ ജനന നിരക്ക് അയൽരാജ്യങ്ങളേക്കാൾ കൂടുതലാണ്. ദക്ഷിണ കൊറിയയില്‍ ഇതിലും താഴ്ന്ന നിരക്കാണ്. ദക്ഷിണ കൊറിയയിലേത് കഴിഞ്ഞ വര്‍ഷം 0.78 ശതമാനത്തിലേക്കാണ് താഴ്ന്നത്. അതിനിടെ റഷ്യന്‍ പ്രസിഡന്‍റ് റഷ്യന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടത് എട്ടോ അതിലധികമോ കുഞ്ഞുങ്ങളെ പ്രസവിക്കാനാണ്. ജനസംഖ്യാ നിരക്കിലെ കുറവാണ് ഇവിടെയും കാരണം. മോസ്‌കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യയിലെ ജനസംഖ്യ വർധിപ്പിക്കുക എന്നത് വരും ദശകങ്ങളിൽ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു.

എട്ടോ അതിലധികോ കുഞ്ഞുങ്ങളെ പ്രസവിക്കൂ, വലിയ കുടുംബമുണ്ടാക്കൂ; സ്ത്രീകളോട് പുടിന്‍, വരുംവർഷങ്ങളിലെ ലക്ഷ്യമിത്

"നമ്മുടെ പല മുത്തശ്ശിമാർക്കും ഏഴോ എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നുവെന്ന് മറന്നുപോകരുത്. നമുക്ക് ഈ മഹത്തായ പാരമ്പര്യം സംരക്ഷിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യാം. വലിയ കുടുംബങ്ങൾ റഷ്യയിലെ എല്ലാവരുടെയും ജീവിത രീതിയായി മാറണം. കുടുംബം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, അത് ആത്മീയ പ്രതിഭാസവും ധാർമ്മികതയുടെ ഉറവിടവുമാണ്"- പുടിന്‍ വിശദീകരിച്ചു.

 

Latest Videos
Follow Us:
Download App:
  • android
  • ios