Asianet News MalayalamAsianet News Malayalam

ഡിന്നർ പാർട്ടിക്കിടെ കിം ജോംഗ് ഉന്നിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച അഞ്ച് ഉന്നത ഉദ്യോഗസ്ഥർക്ക് വധശിക്ഷ

കിം ജോങ് ഉന്നിനോട് പുറമേക്ക് വിധേയത്വം കാണിച്ച്, ഉള്ളിൽ വെറുപ്പോടെ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന കരിങ്കാലികൾക്ക് ഉത്തരകൊറിയയിൽ  'മൂന്നു തലമുറകളെ ശിക്ഷിക്കും' എന്നതാണ് പതിവ് നടപടി.

Kim Jong Un executes 5 economy experts in North Korea  for criticizing his policy in a dinner party
Author
Pyongyang, First Published Sep 12, 2020, 11:46 AM IST

പ്യോങ്യാങ് : ഡിന്നർ പാർട്ടിക്കിടെ നടന്ന സ്വകാര്യ ചർച്ചയിൽ തങ്ങളുടെ രാജ്യത്ത് നിലവിലുള്ള സാമ്പത്തിക നയങ്ങളെ വിമർശിച്ചതിന്, നോർത്ത് കൊറിയൻ ധനകാര്യ വകുപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ ഭരണകൂടം വെടിവെച്ചു കൊന്നു എന്ന് ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തരകൊറിയൻ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഡെയ്‌ലി എൻകെ പത്രം. ഈ ഉദ്യോഗസ്ഥർക്കൊപ്പം ഒരേ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ച് ഏതോ ജൂനിയർ ഓഫീസർ തന്നെയാണത്രെ തന്റെ സീനിയർ ഓഫീസേഴ്സിന്റെ സംഭാഷണങ്ങൾ സുപ്രീം ലീഡർ കിം ജോംഗ് ഉന്നിന്റെ കാതിൽ എത്തിച്ചത്. ജൂലൈ 30 -നു തന്നെ ഇവർ ഫയറിംഗ് സ്‌ക്വാഡിന് മുന്നിലേക്ക് പറഞ്ഞയക്കപ്പെട്ടു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഈ ഉദ്യോഗസ്ഥർക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ഉത്തരകൊറിയയിലെ ഏറെ കുപ്രസിദ്ധമായ 'ക്യാമ്പ് 15 ' എന്നറിയപ്പെടുന്ന ഗുലാഗ് സെന്ററിലേക്ക് പറഞ്ഞയക്കപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. ഈ പ്രിസൺ ക്യാമ്പ് ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ പാർപ്പിക്കുന്ന ഇടമാണ്. അതിനുള്ളിൽ നടക്കുന്ന പീഡനങ്ങളും, അടിമപ്പണിയും, ലൈംഗിക ചൂഷണങ്ങളും ഒക്കെ ഒട്ടേറെ പരാതികൾക്ക് മുമ്പും കാരണമായിട്ടുണ്ട്.

ഈ അഞ്ചുപേർ തമ്മിൽ ഒരു ഡിന്നറിനിടെ നടന്ന സൗഹൃദസംഭാഷണത്തിനിടെ അവർ നടത്തിയ ചില വിമർശനങ്ങൾ കിമ്മിന് അക്ഷന്തവ്യമായ തോന്നിയതിനെ പേരിലാണ് ഈ കടുത്ത നടപടി. "രാജ്യത്ത് ഇന്ന് നിലവിലുള്ള സാമ്പത്തിക നയങ്ങളിൽ ചിലതിലെങ്കിലും കാതലായ മാറ്റം ഉണ്ടായില്ലെങ്കിൽ രാജ്യം ഇനിയും സാമ്പത്തികമായി ക്ഷീണിക്കും. തൊണ്ണൂറു ശതമാനത്തിൽ കൂടുതൽ ഇപ്പോൾ മിലിട്ടറി ബേസ്ഡ് വ്യവസായങ്ങളാണ്. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. കൂടുതൽ വിദേശ സഹകരണം ഉണ്ടായില്ല എങ്കിൽ, വിപണികൾ കൂടുതൽ തുറന്ന മനോഭാവം കാണിച്ചില്ല എങ്കിൽ സാമ്പത്തിക മാന്ദ്യം ഇനിയും മോശം അവസ്ഥയിലേക്ക് പോകും " എന്നൊക്കെ ആയിരുന്നു ഇവർ നടത്തിയ വിവാദ വിമർശനങ്ങൾ. സാമ്പത്തിക രംഗത്തെ പഠനങ്ങളിലൂടെ നൽകിയ സംഭാവനകളുടെ പേരിൽ തങ്ങളുടെ രംഗത്ത് ഏറെ ആദരണീയരായിട്ടുള്ള വിചക്ഷണരാണ് ഇപ്പോൾ വധിക്കപ്പെട്ടിട്ടുള്ള അഞ്ചുപേരും. 

സുപ്രീം ലീഡറോട് പുറമേക്ക് വിധേയത്വം കാണിച്ച്, ഉള്ളിൽ വെറുപ്പോടെ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന കരിങ്കാലികൾക്ക് ഉത്തരകൊറിയയിൽ  'മൂന്നു തലമുറകളെ ശിക്ഷിക്കും' എന്നതാണ് പതിവ് നടപടി. അതായത് ഒരാൾ ഇങ്ങനെയുള്ള വിമർശനങ്ങളിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ അയാളുടെ അച്ഛനമ്മമാരെയും, മക്കളെയും കൂടി അയാൾക്കൊപ്പം ശിക്ഷിക്കും. അത് കണ്ടെങ്കിലും, മറ്റുള്ളവർ സുപ്രീം ലീഡറോട് ബഹുമാനം കൈവിടാതെ സൂക്ഷിക്കും എന്നാണ് ഉത്തര കൊറിയൻ ഭരണകൂടം കരുതുന്നത്.  

Follow Us:
Download App:
  • android
  • ios