Asianet News MalayalamAsianet News Malayalam

സൈനിക ജനറലിനെ കൊലയാളി മത്സ്യത്തിന് ഇട്ടു കൊടുത്ത് കിം, പ്രചോദനം ജയിംസ് ബോണ്ട് ചിത്രം

1965ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'യു ഓണ്‍ലി ലിവ് ട്വൈസ്' എന്ന ചിത്രത്തിലെ രംഗങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിചിത്രമായ ശിക്ഷാരീതി നടപ്പാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Kim Jong-un 'executes a general throwing into a piranha-filled fish tank
Author
London, First Published Jun 9, 2019, 8:53 PM IST

ലണ്ടന്‍: തനിക്കെതിരെ ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന സൈനിക ജനറലിനെ കൊലയാളി മത്സ്യമായ പിരാനകള്‍ക്കിടുകൊടുത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കൈയ്യും തലയും വെട്ടിമാറ്റിയാണ് ജനറലിനെ പിരാനകള്‍ക്ക് നല്‍കിയതെന്ന് വിദേശ മാധ്യമമായ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി ബ്രസീലില്‍നിന്ന് പിരാനകളെ ഉത്തരകൊറിയയിലെത്തിച്ച് ടാങ്കിലിട്ട് വളര്‍ത്തി. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.  കിമ്മിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. പിരാനകളുടെ ആക്രമണത്തെ തുടര്‍ന്നാണോ പരിക്കേറ്റാണോ ജനറല്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

1965ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'യു ഓണ്‍ലി ലിവ് ട്വൈസ്' എന്ന ചിത്രത്തിലെ രംഗങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിചിത്രമായ ശിക്ഷാരീതി നടപ്പാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിമ്മിന്‍റെ യോങ്സോങ്ങിലെ വസതിയിലാണ് പിരാനകളെ വളര്‍ത്തുന്നത്. കിം അധികാരത്തിലേറിയതിന് ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. യുഎസുമായുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കിമ്മിന് നാണക്കേടുണ്ടായെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. ആര്‍മി തലവന്‍, ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്‍, ക്യൂബ, മലേഷ്യ അംബാസഡര്‍മാര്‍ എന്നിവരെല്ലാം കിം വധശിക്ഷക്ക് വിധേയരാക്കിയ പ്രമുഖരാണ്. കുടുംബാംഗങ്ങളുടെ മരണത്തിന് പിന്നിലും കിമ്മാണെന്ന് ആരോപണമുയര്‍ന്നിരുന്നു. 

ലോകത്തെ ഏറ്റവും അപകടകാരിയായ മത്സ്യമാണ് പിരാനകള്‍. കൂര്‍ത്ത പല്ലുകളുള്ള ഇവ വലിയ ജീവികളെ വരെ ആക്രമിക്കും.കൂട്ടമായിട്ടാണ് ആക്രമണം. ഇവയുടെ കൈയ്യിലകപ്പെട്ടാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തിന്നുതീര്‍ക്കും. പിരാനകള്‍ കേന്ദ്രമായി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ശുദ്ധജല മത്സ്യമായ പിരാനകള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ നദികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios