റഷ്യ - യുക്രൈൻ യുദ്ധത്തിനിടെ യുക്രൈൻ സൈന്യത്തിൻ്റെ പിടിയിലാകാതിരിക്കാൻ സ്വയം പൊട്ടിത്തെറിച്ച ഉത്തര കൊറിയൻ സൈനികരെ വാഴ്ത്തി കിം ജോങ് ഉൻ. സൈനികരുടെ ജീവത്യാഗത്തിന് നഷ്ടപരിഹാരമോ പാരിതോഷികമോ നൽകി വിലയിടാനിവില്ലെന്നും കിം ജോങ് ഉൻ പറഞ്ഞു.

പ്യോങ്യാങ്: യുക്രൈൻ സൈന്യത്തിന്‍റെ പിടിയിലാകാതിരിക്കാൻ സ്വയം പൊട്ടിത്തെറിച്ച ഉത്തര കൊറിയൻ സൈനികരെ പ്രകീർത്തിച്ച് പരമോന്നത നേതാവ് കിം ജോങ് ഉൻ. സൈനികരെ 'വീരന്മാർ' എന്ന് വിശേഷിപ്പിച്ച കിം ജോങ് ഉൻ, അവരുടെ ത്യാഗത്തിന് നഷ്ടപരിഹാരമോ പാരിതോഷികമോ നൽകി വിലയിടാനിവില്ലെന്നും പറഞ്ഞു. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ കൊല്ലപ്പെട്ട സൈനികരുടെ ഓർമയ്ക്കായി പണിത സ്മാരകത്തിന്‍റെ അനാച്ഛാദനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു കിം ജോങ് ഉൻ എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

"നമ്മുടെ മഹത്വം സംരക്ഷിക്കുന്നതിനായി, ഒരു മടിയും കൂടാതെ സ്വയം പൊട്ടിത്തെറിക്കാനും ചാവേർ ആക്രമണത്തിനും തീരുമാനിച്ച അവർ വീരന്മാർ ആയിരുന്നു. അവരുടെ ജീവത്യാഗത്തിന് നഷ്ടപരിഹാരം അർഹിക്കുന്നില്ല, അവരുടെ സ്വയംസമർപ്പണത്തിന് പാരിതോഷികം അർഹിക്കുന്നില്ല... ഇതാണ് നമ്മുടെ സൈന്യകരുടെ ദേശസ്നേഹത്തിൻ്റെ നിർവചനം"- കിം ജോങ് ഉൻ പറഞ്ഞു. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ്, റഷ്യൻ പാർലമെൻ്റ് സ്പീക്കർ വ്യാസെസ്ലാവ് വോലോഡിൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

റഷ്യ - യുക്രൈൻ യുദ്ധത്തിൽ റഷ്യൻ സൈനികരെ സഹായിക്കാനായി വിന്യസിച്ച ഉത്തര കൊറിയൻ സൈനികരാണ് യുക്രൈൻ സൈന്യത്തിൻ്റെ പിടിയിലാകാതിരിക്കാൻ ഗ്രനേഡ് ഉപയോഗിച്ച് ചാവേറായത്. യുക്രൈൻ സൈന്യം തടവിലാക്കാതിരിക്കാൻ ഭരണകൂടത്തിൻ്റെ ഉത്തരവ് പാലിച്ചാണ് സൈനികർ സ്വയം പൊട്ടിത്തെറിച്ചതെന്നാണ് ഇൻ്റലിജൻസ് ഏജൻസികളുടെ പ്രതികരണം. ഉത്തര കൊറിയയിൽ സൈനികർ അന്യ രാജ്യത്തിന്റെ പിടിയിലകപ്പെട്ടാൽ രാജ്യദ്രോഹമായാണ് കണക്കാക്കുന്നത്.

റഷ്യൻ സൈന്യത്തെ സഹായിക്കാനായി കുറഞ്ഞത് 15,000 സൈനികരെ ഉത്തര കൊറിയ അയച്ചിട്ടുണ്ടെന്നാണ് ദക്ഷിണ കൊറിയയുടെ കണക്ക്. ഇതുവരെ 6000ത്തിലധികം സൈനികർ കൊല്ലപ്പെട്ടുവെന്നും ദക്ഷിണ കൊറിയ കണക്കാക്കുന്നു. അതേസമയം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം സംബന്ധിച്ച് ഉത്തര കൊറിയയോ റഷ്യയോ സ്ഥിരീകരണം നടത്തിയിട്ടില്ല. ഈ വർഷം ആദ്യം ദക്ഷിണ കൊറിയൻ മാധ്യമമായ എംബിസി സംപ്രേഷണം ചെയ്ത യുക്രൈനിലെ യുദ്ധത്തടവുകാരായ രണ്ട് ഉത്തര കൊറിയൻ സൈനികരെക്കുറിച്ചുള്ള ഒരു പരിപാടിയിൽ, തനിക്ക് ചാവേറാകാൻ കഴിയാത്തതിൽ സൈനികരിൽ ഒരാൾ ഖേദം പ്രകടിപ്പിച്ചിരുന്നു. എല്ലാവരും സ്വയം പൊട്ടിത്തെറിച്ചുവെന്നും തനിക്ക് കഴിഞ്ഞില്ലെന്നുമായിരുന്നു തടവുകാരന്റെ പ്രതികരണം.