മഹാമാരി സമയത്ത് രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായില്ലെന്ന കുറ്റസമ്മതവുമായി കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഭരണകക്ഷി പാര്‍ട്ടിയുടെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരേഡില്‍ സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍. രാജ്യത്തെ ജനങ്ങളോട് ക്ഷമാപണം നടത്തുന്നതിനിടെ  ഉത്തര കൊറിയന്‍ ഏകാധിപതി വികാരാധീനനായി കരഞ്ഞുവെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഉത്തര കൊറിയന്‍ ജനത തന്നിലേല്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് നില്‍ക്കാനായില്ലെന്ന പറഞ്ഞ കിം കണ്ണട ഊരി മിഴികള്‍ തുടയ്ക്കുന്ന ദൃശ്യം അല്‍ജസീറയും പുറത്ത് വിട്ടു. പ്രസംഗത്തിനിടെയായിരുന്നു അപൂര്‍വ്വ സംഭവം. പ്രസംഗം കേട്ടുനിന്ന സൈനികരും ജനങ്ങളും കരയുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കിം അധികാരത്തിലെത്തിയ ശേഷം ആദ്യമായാവും ഇത്തരമൊരു സംഭവമെന്നാണ് അന്തര്‍ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പൂർവപിതാമഹൻമാർ രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകത്തേക്കുറിച്ചും കിം സംസാരിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ കൊവിഡ് മൂലം വലയുകയാണെന്നും ദക്ഷിണ കൊറിയയുമായുള് ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹമുണ്ടെന്നും കിം പറഞ്ഞതായാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. അമേരിക്കക്കെതിരായി വിമര്‍ശനവും പ്രസംഗ മധ്യേയുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ശനിയാഴ്ച നടന്ന വമ്പന്‍ സേനാ പരേഡില്‍ അറ്റവും പുതിയ മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. നോര്‍ത്ത് കൊറിയയുടേതായി അറിയപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലുകളില്‍ ഏറ്റവും വലിപ്പമേറിയതാണ് ശനിയാഴ്ച നടന്ന പരേഡില്‍ പ്രദര്‍ശിപ്പിച്ചത്.