സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ച കിംഗ് ഫഹദ് കോസ്‌വേ തുറന്നു. താൽക്കാലികമായി നിർത്തിവെച്ച ഗതാഗതം, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പുനരാരംഭിച്ചത്.
റിയാദ്: വ്യോമാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ വാഹന ഗതാഗതം പുനരാരംഭിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഗതാഗതം പൂർണമായും നിർത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. എന്നാൽ രാവിലെ 9.45 ഓടെ നിയന്ത്രണം നീക്കുകയും ഗതാഗതം പുനരാരംഭിക്കുകയുമായിരുന്നു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാെൻറ ഭാഗത്തുനിന്നും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെ സൗദി പ്രതിരോധ സേന വിജയകരമായി തകർത്തതിന് പിന്നാലെയാണ് അതീവ ജാഗ്രതയുടെ ഭാഗമായി പാലം താൽക്കാലികമായി അടച്ചത്.
സൗദി കിഴക്കൻ പ്രവിശ്യയിലെ നാഷനൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങളെത്തുടർന്ന് കോസ്‌വേ അതോറിറ്റിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും ഭീഷണി ഒഴിഞ്ഞെന്ന വിലയിരുത്തലിലാണ് നിയന്ത്രണം നീക്കിയത്. നിലവിൽ കോസ്‌വേ വഴി വാഹനങ്ങൾ കടത്തിവിടുന്നില്ലെന്നും സുരക്ഷാ ഏജൻസികൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നുമായിരുന്നു അധികൃതർ അറിയിച്ചത്. സ്ഥിതിഗതികൾ സാധാരണ നിലയിലായെന്നും ഗതാഗതം പുനരാരംഭിച്ചെന്നും കിങ് ഫഹദ് കോസ്‌വേ അതോറിറ്റി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക കരമാർഗമായ ഈ 25 കിലോമീറ്റർ നീളമുള്ള പാത, യാത്രാ-ചരക്ക് നീക്കങ്ങൾക്ക് പുറമെ സൈനികമായും ഏറെ തന്ത്രപ്രധാനമാണ്.


