Asianet News MalayalamAsianet News Malayalam

ജർമനിയിൽ കത്തി ആക്രമണം, 3 പേർ കൊല്ലപ്പെട്ടു, അക്രമിക്കായുള്ള തെരച്ചിൽ ഊർജ്ജിതം

വ്യവസായിക നഗരമായ സോലിങ്കൻ സ്ഥാപിതമായതിന്റെ 650ാം വാർഷിക ആഘോഷത്തിനിടയിലേക്കാണ് അക്രമി എത്തിയത്

knife attack in germany killed at least 3 many injured Special Task Force in manhunt
Author
First Published Aug 24, 2024, 8:26 AM IST | Last Updated Aug 24, 2024, 8:26 AM IST

സോലിങ്കൻ: പശ്ചിമ ജർമനിയിലെ സോലിങ്കൻ നഗരത്തിൽ ആഘോഷത്തിനിടെ കത്തി ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം നഗര മധ്യത്തിൽ നടന്ന ആഘോഷത്തിനിടയിലായിരുന്നു ആക്രമണം. അജ്ഞാതനായ ഒരാൾ നിരവധി ആളുകളെ ആക്രമിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്. ഭീകരാക്രമണ സാധ്യത അടക്കം തള്ളാതെ അക്രമിയെ കണ്ടെത്താനുള്ള തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ് ജർമ്മനി. 4 പേർക്ക് കത്തിയാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 

വ്യവസായിക നഗരമായ സോലിങ്കൻ സ്ഥാപിതമായതിന്റെ 650ാം വാർഷിക ആഘോഷത്തിനിടയിലേക്കാണ് അക്രമി എത്തിയത്. ആളുകളെ മേഖലയിൽ നിന്ന് മാറാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നതിനായി 40ൽ അധികം ടാക്ടിക്കൽ വാഹനങ്ങളും നിരവധി ഹെലികോപ്ടറുമാണ് തെരച്ചിൽ നടത്തുന്നത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. മേഖലയിലെ പല റോഡുകളും അടച്ച ശേഷമാണ് തെരച്ചിൽ നടക്കുന്നത്. നഗരവാസികളോട് വീടുകൾക്കുള്ളിൽ കഴിയാനാണ് പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. 

സുരക്ഷാ സേനയും ആരോഗ്യ പ്രവർത്തകരും പരിക്കേറ്റവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നാണ് പരിപാടിയുടെ സംഘാടകരിലൊരാളായ ഫിലിപ്പ് മുള്ളർ വിശദമാക്കുന്നത്. ഭയന്ന് പോയ ആളുകൾ മേഖലയിൽ നിന്ന് ഒഴിഞ്ഞ് പോയതായാണ് ഫിലിപ്പ് മുള്ളർ വിശദമാക്കുന്നത്. സ്റ്റേജിൽ ഗാനമേള നടക്കുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കത്തിയാക്രമണം. അക്രമിക്കപ്പെട്ടവരുടെ കഴുത്തിന് അടക്കമാണ് കുത്തേറ്റിട്ടുള്ളത്. അക്രമത്തിന് പിന്നിൽ ഒരാൾ മാത്രമെന്നാണ് പ്രാഥമിക നിഗമനം. 160000 ത്തോളം ആളുകളാണ് സ്റ്റീൽ  വ്യവസായ നഗരമായ സോലിങ്കനിൽ താമസമാക്കിയിട്ടുള്ളത്. 

വേദിയിൽ പാടുന്നവരുടെ മുഖത്ത് നിന്ന് ചുറ്റും അരുതാത്തത് നടക്കുന്നുവുണ്ടെന്ന് തോന്നിയെന്നും പിന്നാലെ തന്നെ സമീപത്ത് ഒരാൾ പരിക്കേറ്റ് വീഴുന്നത് കണ്ടെന്നുമാണ് കത്തിയാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ പൊലീസിനോട് വിശദമാക്കുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷികളിൽ നിന്ന് അക്രമിയേക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios