6 കിലോമീറ്ററോളം ഉയരത്തിലാണ് പതിറ്റാണ്ടുകളായി നിർജീവമായിരുന്ന അഗ്നി പർവ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ചാരവും പൊടിപടലും ഉയർന്നത്. 

മോസ്കോ: 500 വർഷത്തിനിടയിൽ ആദ്യമായി കിഴക്കൻ റഷ്യയിലെ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ ഭൂചലനങ്ങളുടെ തുട‍ർച്ചയാണ് അഗ്നിപ‍ർവ്വതം പൊട്ടിത്തെറിച്ചതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. കംചത്ക്ക ഉപദ്വീപിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ ചാരം ഉയർന്ന് പൊന്തിയത് 6 കിലോമീറ്റർ ഉയരത്തിലാണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനവാസ മേഖലകൾക്ക് വെല്ലുവിളിയില്ലെന്നാണ് റഷ്യയിലെ അടിയന്തര മന്ത്രാലയം വിശദമാക്കിയത്.

അഗ്നി പർവ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ തന്നെ വലിയൊരു ഭൂകമ്പവും ഉപദ്വീപിൽ അനുഭവപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ഉപദ്വീപിലെ മൂന്ന് മേഖലകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 8.8 തീവ്രതയുള്ള ഭൂകമ്പമാണ് റഷ്യയിൽ കഴിഞ്ഞ ആഴ്ചയുണ്ടായത്. ഈ ഭൂകമ്പത്തിന് പിന്നാലെ ഫ്രെഞ്ച് പോളിനേഷ്യയിലും ചിലിയിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ശക്തമായ തുട‍ർ ചലനങ്ങളുണ്ടാവുമെന്ന് റഷ്യൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ബുധനാഴ്ചയുണ്ടായ ഭൂചലനത്തിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്.

Scroll to load tweet…

കുറിൽ ദ്വീപിൽ ഞായറാഴ്ചയുണ്ടായ 7.0 തീവ്രതയുള്ള ഭൂകമ്പത്തിൽ തിരമാലകൾ 18 സെന്റി മീറ്റർ ഉയരത്തിൽ വരെ എത്തിയേക്കുമെന്നായിരുന്നു മുന്നറിയിപ്പുകൾ. ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം അവസാനമായി പൊട്ടിത്തെറിച്ചത് 15ാം നൂറ്റാണ്ടിലാണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം